തൃശൂർ ∙ ‘കരുവന്നൂർ ബാങ്കിന്റെ സെക്രട്ടറി സുനിൽ കുമാർ സിപിഎമ്മിന്റെ ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ചയാളാണ്. പാർട്ടിയിൽ ഉന്നത സ്വാധീനമുള്ളയാളാണ്. അയാളെ ഞങ്ങളെല്ലാവരും വിശ്വസിച്ചു പോയി..’ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് പ്രതി ചേർക്കുകയും 10 കോടി രൂപയുടെ ജപ്തി ബാധ്യത നേരിടുകയും ചെയ്യുന്ന മുൻ ഭരണസമിതി അംഗമായ വി.കെ.ലളിതൻ പറയുന്നു. താനടക്കം ഭരണസമിതി അംഗങ്ങളെ കരുവാക്കി പാർട്ടി തങ്ങളെ ചതിക്കുകയായിരുന്നു എന്നു തുറന്നുപറയുന്നവരിൽ സിപിഎം അംഗം അമ്പിളി മഹേഷ് അടക്കമുണ്ട്. തങ്ങൾ വഞ്ചിക്കപ്പെട്ടതെങ്ങനെ എന്നു മുൻ ഭരണസമിതി അംഗങ്ങൾ വെളിപ്പെടുത്തുന്നു:
വി.കെ.ലളിതൻ, കെ.വി.സുഗതൻ (ഇരുവരും സിപിഐ): ‘ചെറിയ വായ്പകളുടെ അപേക്ഷകൾ മാത്രമാണു ഭരണസമിതി യോഗത്തിൽ അംഗീകാരത്തിനായി വച്ചിരുന്നത്. 50 ലക്ഷം പോലെ വലിയ തുകകളുടെ അപേക്ഷകൾ ഭരണസമിതി അംഗങ്ങൾ കണ്ടിട്ടേയില്ല. ഭരണസമിതി യോഗം പിരിഞ്ഞതിനു ശേഷം സെക്രട്ടറി ഇതൊക്കെ മിനിറ്റ്സിൽ എഴുതിച്ചേർത്തു പാസാക്കിയതായി രേഖപ്പെടുത്തും. മിനിറ്റ്സ് അതതു ദിവസം ക്ലോസ് ചെയ്യുന്ന രീതിയൊന്നും പാലിച്ചിരുന്നില്ല. സിപിഎം ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ചയാളും പാർട്ടിയിൽ ഉന്നത സ്വാധീനമുള്ളയാളുമാണു സെക്രട്ടറി. തട്ടിപ്പ് നടക്കുന്ന വിവരം മനസ്സിലാക്കി ഞങ്ങൾ പ്രസിഡന്റിനെ വിവരമറിയിച്ചിരുന്നു.
എന്നാൽ, ഒന്നും ചെയ്യാൻ നിവൃത്തിയില്ലെന്നും പാർട്ടി നേതൃത്വം ഇടപെടാതെ മിണ്ടാനാകില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഞങ്ങൾ നിരപരാധികളാണ്. നേതാക്കന്മാരെ രക്ഷിക്കാൻ ഞങ്ങളെ ബലിയാടാക്കിയതാണ്.’ അമ്പിളി മഹേഷ് (സിപിഎം), മിനി നന്ദനൻ (സിപിഐ): ‘പാർട്ടിക്കാർക്കു വേണ്ടി അവർ ഞങ്ങളുടെ ജീവിതം നശിപ്പിച്ചു. ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെടുകയാണു ഞങ്ങൾ. ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റി 2019ൽ പാർട്ടി നേതാക്കന്മാരോടു പറഞ്ഞതാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
അതൊക്കെ നിസ്സാര കാര്യമല്ലേ, ഒക്കെ സെറ്റ് ചെയ്യാം, ഒന്നും പേടിക്കേണ്ട എന്നൊക്കെയാണു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ചന്ദ്രൻ ഞങ്ങളോടു പറഞ്ഞത്. ഒരു കള്ളവായ്പയും ഞങ്ങളുടെ അറിവോടെ പാസാക്കിയിട്ടില്ല. സെക്രട്ടറി ഭീഷണിയുടെ സ്വരത്തിലാണു സംസാരിക്കാറുണ്ടായിരുന്നത്. മുൻ എംപി പി.കെ.ബിജുവിന്റെ അന്വേഷണ കമ്മിഷൻ ഞങ്ങളെ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു വിളിപ്പിച്ചിരുന്നു. എല്ലാ സത്യങ്ങളും ഞങ്ങൾ പറഞ്ഞിരുന്നതുമാണ്. ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ തലയിൽ എട്ടും പത്തും കോടി രൂപയുടെ ബാധ്യത ഇട്ടുതന്നു ജപ്തിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിനു ജയിൽവാസവും ഞങ്ങൾ അനുഭവിച്ചു. ചതിയാണിത്.’