കൊരട്ടി ∙ പാറക്കൂട്ടം ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസും പ്ലാന്റും ഉദ്ഘാടനത്തിനൊരുങ്ങി. ട്രയൽ റൺ വിജയകരമായി നടത്തി. മുരിങ്ങൂർ കമ്പനിക്കടവിലാണ് പമ്പ് ഹൗസ്. 11 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിർമാണം. പ്രതിദിനം 6 ദശലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിക്കുവാൻ ശേഷിയുള്ള പ്ലാന്റിനും 9 ദശലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്കിനും പുറമെ നിലവിലുണ്ടായിരുന്ന 6.65 ദശലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കും പദ്ധതിക്കായി ഉപയോഗിക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ പതിനൊന്നായിരത്തോളം വീടുകളിലേക്കു വെള്ളമെത്തിക്കും. എംഎൽഎയ്‌ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സ്ഥിരസമിതി അധ്യക്ഷൻ കെ.ആർ. സുമേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ, കിഫ്ബി നാട്ടിക പ്രോജക്ട് എക്‌സിക്യൂട്ടീവ് ബോബിൻ മത്തായി, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എച്ച്.ജെ. നീലിമ, അസി. എൻജിനീയർ വി.കെ. അനൂപ്, ലെയ്‌സൺ ഓഫിസർ തദേവൂസ് ഷൈൻ എന്നിവർ ട്രയൽ റണ്ണിനെത്തിയിരുന്നു.