പാവറട്ടി ∙ അംഗപരിമിതനു നൽകിയ മുച്ചക്രവാഹനം വികസനകാര്യ ചെയർപഴ്സനും സിപിഎം അംഗവുമായ സിബി ജോൺസൺ മറിച്ചുവിറ്റെന്ന പത്താം വാർഡ് അഗം ഹബീബ് പോക്കാക്കില്ലത്തിന്റെ പരാതി ചർച്ച ചെയ്യാൻ ചേർന്ന യോഗം വൻ ബഹളത്തിൽ മുങ്ങി. ആരോപണ വിധേയയായ സിബിയെ യോഗത്തിൽ നിന്നു പുറത്താക്കണമെന്നുള്ള പ്രതിപക്ഷ ആവശ്യമാണ് തർക്കത്തിലെത്തിയത്. മുച്ചക്ര വാഹനം ഉപയോഗിക്കാനോ കൈമാറാനോ ഉള്ള അവകാശം ഗുണഭോക്താവിനാണെന്നും അതിനാൽ പരാതി നിലനിൽക്കില്ലെന്നും പ്രസിഡന്റ് എം.എം. റജീന പറഞ്ഞു.
പൊലീസ് അകമ്പടിയോടെയാണ് ഭരണപക്ഷ അംഗങ്ങൾ പുറത്തുപോയത്. ആരോപണ വിധേയയായ വികസനകാര്യ ചെയർപഴ്സനെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റുംരാജിവെയ്ക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ പരാതിയുടെ അടിസ്ഥാനത്തിൽ മുച്ചക്രം വാഹനം നൽകിയ ഗുണഭോക്താവിനോട് വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ചേൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയിരുന്നു. മുച്ചക്ര വാഹനം വാർഡ് അംഗവും വികസനകാര്യ ചെയർപഴ്സനുമായ സിബി ജോൺസന് തിരിച്ചു നൽകിയതായി ഗുണഭോക്താവിന്റെ കുടുംബം മറുപടി നൽകിയതായി സെക്രട്ടറി പറഞ്ഞു.
പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്
പാവറട്ടി ∙ മുച്ചക്ര വാഹന വിവാദത്തിൽ ആരോപണ വിധേയയായ വികസനകാര്യ ചെയർപഴ്സൻ സിബി ജോൺസൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പ്രളയം. ബിജെപി മാർച്ച് നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. ഹരിഹരൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗം എം.ടി. മണികണ്ഠൻ, ബിജു പട്ട്യാംപിള്ളി, സുധീർ പെരിങ്ങാട്, പി.കെ. ശ്രീനിവാസൻ, ബിനോജ് പാവറട്ടി എന്നിവർ പ്രസംഗിച്ചു. ഭിക്ഷയെടുത്ത പണം പഞ്ചായത്ത് അംഗംത്തിന് മണിയോർഡറായി അയച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡന്റ് അനീഷ ശങ്കർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയൻ അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, പ്രതിപക്ഷ നേതാവ് ഒ.ജെ. ഷാജൻ തുടങങ്ങിയവർ പ്രസംഗിച്ചു.സേവാദൾ മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫിസ് മാർച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. സേവാദൾ മണ്ഡലം പ്രസിഡന്റ് ഷിജു വിളക്കാട്ടുപാടം അധ്യക്ഷനായി. എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാർച്ചിൽ കെ.വി. സിദ്ധീഖ്, നജീബ് മാനാത്ത് പറമ്പിൽ, നാസർ നല്ലീസ്, ഹബീബ് പോക്കാക്കില്ലത്ത്, സൗമ്യ സുനിൽ എന്നിവർ പ്രസംഗിച്ചു.