ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ ബാങ്കിലെ 1.5 കോടി രൂപയുടെ വായ്പത്തട്ടിപ്പിൽ 2 സിപിഎം നേതാക്കൾ ഇടനിലക്കാരായി കരാ‍ർ ഉണ്ടാക്കി. ഇവർ തട്ടിപ്പു കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിനൊപ്പം കരുവന്നൂർ ബാങ്കിലും മറ്റു ബാങ്കുകളിലുമെത്തിയിരുന്നു. ഇതിന്റെ തെളിവ് ഇ.ഡിക്കു കിട്ടിയിട്ടുണ്ട്. ഇവർ ഇടനിലക്കാരായ വിവരം പാർട്ടിയുടെ ജില്ലയിലെ 2 സംസ്ഥാന നേതാക്കൾക്കും അറിയാമായിരുന്നു. ഇ.ഡി കണ്ടെത്തിയ നി‍ർണായക തെളിവായ 3 കോടി രൂപയുടെ ഇടപാടിലാണ് ഈ 2 നേതാക്കളും ഇടനിലക്കാരനായത്. ഇവർ കരാർ ഒപ്പുവച്ചിട്ടുണ്ടെന്നാണു സൂചന. 1.5 കോടി രൂപ സതീഷ് കുമാർ കരുവന്നൂരിൽ നിക്ഷേപിച്ചിരുന്നു. ഈ തുക സതീഷ് അറിയാതെ 2 പാർട്ടി ബന്ധുക്കൾ ചേർന്നു പിൻവലിച്ചു. ഇതറിഞ്ഞതോടെ സതീഷ് തുക ആവശ്യപ്പെട്ടു. മാത്രമല്ല വിവരം പുറത്തറിയിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യത്തിലാണു 2 സിപിഎം നേതാക്കൾ ഇടനിലക്കാരായത്. കരുവന്നൂർ ബാങ്കുമായും മറ്റു ബാങ്കുകളുമായും സംസാരിച്ച് ഇവർ സതീഷിന്റെ പണം തിരികെ നൽകി. മാത്രമല്ല, സതീഷ് കൂടുതൽ ചോദിച്ച തുകയും നൽകി. ഇടനിലക്കാരിൽ ഒരാളെ ഇ.ഡി ചോദ്യംചെയ്തിട്ടുണ്ട്. രണ്ടാമത്തെയാളെ വൈകാതെ ചോദ്യം ചെയ്തേക്കും. ഹാജരാകേണ്ടിവരുമെന്ന് അറിയിച്ചിട്ടുണ്ട്.

കരുവന്നൂർ കേസ് ക്രൈംബ്രാഞ്ചിനു വിട്ട ദിവസം ഈ 2 നേതാക്കളും പ്രമുഖ സിപിഎം നേതാവിന്റെ സഹായം തേടിയിരുന്നു. എന്നാൽ ഇത്തരം കാര്യത്തിൽ ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ തിരിച്ചുപോയി. എന്നാൽ സതീഷിന്റെ കാര്യത്തിൽ ഈ നേതാവ് കരുവന്നൂർ ബാങ്കുമായി പല തവണ സംസാരിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ട്. തുടർന്നു ഇടനിലക്കാർ ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവിനെ കണ്ടു. ഉടൻ നിയമോപദേശം തേടാൻ ആവശ്യപ്പെട്ട അദ്ദേഹം ഇക്കാര്യം പാർട്ടി യോഗത്തിൽനിന്നു മറച്ചുവച്ചു. പി.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനു മുന്നിലും തെളിവു നൽകിയില്ല. ഇദ്ദേഹത്തിന് അന്നു പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നു. ഈ രണ്ടു നേതാക്കളെയും കണ്ടു സഹായം തേടിയ വിവരം ചോദ്യംചെയ്യലിനു വിധേയനായ നേതാവ് ഇ.ഡിയോടു സമ്മതിച്ചിട്ടുണ്ട്. ഇടനിലക്കാർ സഹായം തേടിയ പ്രമുഖ നേതാക്കളിൽ ഒരാളെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമന്റെ പേര് ഇതുവരെ സാക്ഷിപ്പട്ടികയിലില്ല.

കരുവന്നൂർ: കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചു

കൊടുങ്ങല്ലൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ ഒരു അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു. കരുവന്നൂർ ബാങ്കിൽ‍നിന്നു ഭീമമായ തുക വായ്പയെടുത്ത ആളുടെ പേരിൽ ടൗൺ സഹകരണ ബാങ്കിൽ അക്കൗണ്ട് നിലവിലുണ്ട്. ഇൗ അക്കൗണ്ട് മുഖേന ഒട്ടേറെ ഇടപാടുകൾ നടന്നതായി സൂചനയുണ്ട്. ഇ.ഡി നിർദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചെന്നു ബാങ്ക് അധികൃതർ പറഞ്ഞു. കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടത്തിയ ആൾക്കു ടൗൺ ബാങ്കിൽനിന്നു ഭീമമായ തുക വായ്പ നൽകിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT