കപാലി വീണ്ടും നടുറോഡിൽ; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

Mail This Article
അതിരപ്പിള്ളി ∙ ആനമല പാതയിൽ ആനക്കയത്തിനും ഷോളയാറിനുമിടയിൽ കൊമ്പനാന കപാലി റോഡിലിറങ്ങി; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ കാട്ടാനകളെ കൂട്ടമായി കാണുന്ന കുമ്മാട്ടി വനപ്രദേശത്താണ് കപാലി റോഡിലിറങ്ങിയത്. റോഡരികിൽ ഈറ്റ തിന്ന് നിൽക്കുകയായിരുന്ന ആന വാഹനങ്ങൾ എത്തിയതോടെ റോഡിനു നടുവിൽ കയറി നിൽപ്പായി. വനപാതയിൽ സഞ്ചാരികൾ ഭയപ്പെടുന്ന ആനയാണിത്. മലക്കപ്പാറയിൽനിന്നു രോഗിയുമായി വന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങ വഴിയിൽ കുടുങ്ങി. അതോടെ പാതയുടെ ഇരുവശങ്ങളിലും നീണ്ട വാഹനനിര രൂപപ്പെട്ടു.
ശാന്തനായി കാണപ്പെട്ട ആന വാഹനങ്ങളുടെ സമീപത്തേക്കു വന്നെങ്കിലും ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നില്ല. ആനയുടെ പടമെടുക്കാൻ വാഹനങ്ങളിൽനിന്നു പുറത്തിറങ്ങിയവരെ മലക്കപ്പാറ പൊലീസും ആനക്കയം സ്റ്റേഷനിലെ വനപാലകരും നിയന്ത്രിച്ചു. റോഡിൽനിന്നു മാറാതെ നിന്ന ആനയെ പടക്കംപൊട്ടിച്ച് വിരട്ടിയോടിക്കാൻ വനം വകുപ്പ് പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആൾക്കൂട്ടം ബഹളംവച്ചതോടെ വാഹനങ്ങൾക്കു നേരെ ആന ചുവടുവച്ചെങ്കിലും എൻജിന്റെ ഇരമ്പൽ കൂട്ടിയതോടെ കാട്ടിലേക്കു മടങ്ങി.