ADVERTISEMENT

തൃശൂർ ∙ അയ്യന്തോൾ സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും കിട്ടാക്കടം പിരിച്ചെടുക്കുന്നതിനാണു ബാങ്ക് മുഖ്യശ്രദ്ധ നൽകുന്നതെന്നും ബാങ്ക് പ്രസിഡന്റ് എൻ.രവീന്ദ്രനാഥൻ. കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന് അയ്യന്തോൾ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിലും 40 കോടിയുടെ ഇടപാടുകൾ നടന്നിട്ടില്ല. സതീഷ്കുമാറിന്റെ പേരിലും ഭാര്യയുടെയും സഹോദരന്റെയും പേരിലും ബാങ്കിൽ അക്കൗണ്ടുകളുണ്ട്. ഇതും മറ്റൊരു ജോയിന്റ് അക്കൗണ്ട് ഉൾപ്പെടെ സതീഷ്കുമാറുമായി ബന്ധപ്പെട്ടു ബാങ്കിൽ ആകെ 4 അക്കൗണ്ടുകളാണുള്ളത്. എന്നാൽ സതീഷ് ബാങ്കിൽ അംഗമല്ല.

അദ്ദേഹത്തിനു വായ്പകളൊന്നും നൽകിയിട്ടില്ല. നിക്ഷേപവും പിൻവലിക്കലുമെല്ലാം കണക്കുകൂട്ടിയാലും പരമാവധി 4 കോടിയിൽ കൂടുതൽ രൂപയുടെ ഇടപാടുകൾ നടന്നിട്ടില്ല. 40 കോടിയുടെ കണക്കു തെറ്റിദ്ധാരണ പരത്തുന്നതാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ച സതീഷിന്റെ അക്കൗണ്ടിൽ ശേഷിക്കുന്നത് 20 ലക്ഷം രൂപയാണ്. എല്ലാ പരിശോധനകളും നടത്തിയ ശേഷം സുരക്ഷിതമായി മാത്രമേ വായ്പകൾ ബാങ്കിൽ നിന്നു നൽകിയിട്ടുള്ളൂ. ബാങ്കിൽ നിക്ഷേപകമുള്ള ആർക്കും പണം നഷ്ടപ്പെടില്ല.

ആവശ്യപ്പെടുന്നവർക്കു കാലാവധി പൂർത്തിയാകുമ്പോൾ പണം നൽകും. അതിനു മുൻപു വേണ്ടവർ അപേക്ഷ നൽകിയാൽ കമ്മിറ്റി പരിഗണിച്ചു പാസാക്കി നൽകും. 10 വർഷം മുൻപു നടന്ന ഇടപാടുകളെക്കുറിച്ചാണ് ഇപ്പോൾ ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ളത്. നിയമവിരുദ്ധമായി ബാങ്ക് ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും ബാങ്കിനു ദുഷ്പേരുണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സെക്രട്ടറി ഇൻ ചാർജ് കെ.രാധാദേവി, ഡയറക്ടർ ബോർഡ് അംഗം എ.വി. പ്രദീപ്കുമാർ എന്നിവർ പറഞ്ഞു.

അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപം പിൻവലിക്കുന്നതിനുള്ള ടോക്കൺ കിട്ടാൻ രാവിലെ 8 മണിക്കു വരി നിൽക്കുന്നവർ.
അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപം പിൻവലിക്കുന്നതിനുള്ള ടോക്കൺ കിട്ടാൻ രാവിലെ 8 മണിക്കു വരി നിൽക്കുന്നവർ.

ഇടപാടുകാരുടെ തിരക്ക്

തൃശൂർ ∙ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതിനു പിന്നാലെ ബാങ്കുകളിൽ ഇടപാടുകാരുടെ വൻ തിരക്ക്. ഒട്ടേറെപ്പേർ സഹകരണ ബാങ്കുകളിൽ നിന്നു നിക്ഷേപം പിൻവലിക്കാനെത്തി.

മറ്റു ചിലർ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മറ്റും അറിയാനാണ് എത്തിയത്. എന്നാൽ ഇത്തരം പരിശോധനകൾ ബാങ്കുകളിൽ സാധാരണമാണെന്നും ആശങ്ക വേണ്ടെന്നും സഹകരണ ബാങ്കുകൾ നഷ്ടത്തിലാകുമെന്ന പ്രചാരണം തെറ്റാണെന്നും ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഇടപാടുകാരോടു വ്യക്തമാക്കി.

അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇന്നലെയും ഇടപാടുകാരുടെ വൻ തിരക്കായിരുന്നു. പണം പിൻവലിക്കാനും മറ്റും ടോക്കൺ ലഭിക്കാൻ വേണ്ടി കാത്തു നിന്നവരുടെ നിര ബാങ്കിനു പുറത്തേക്കു നീണ്ടു. രാവിലെ 8 മുതൽ ആളുകൾ ബാങ്കിനു മുന്നിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഇടപാടുകാർ പറയുന്നത്

ആകെയുള്ള സമ്പാദ്യം സ്വരുക്കൂട്ടിയാണ് ഇത്തരം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. അതു നമ്മുടെ ആവശ്യത്തിനായി, ആവശ്യമുള്ള സമയത്തു പിൻവലിക്കാനുള്ളതാണ്. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം പിൻവലിക്കാൻ ടോക്കൺ വാങ്ങി ബാങ്കിനു മുന്നിൽ കാത്തുനിൽക്കേണ്ടി വന്ന ഒട്ടേറെ പേരുടെ സ്ഥിതി നമ്മൾ കണ്ടതാണ്. ആ അവസ്ഥ വരാതിരിക്കാനാണ് ഞങ്ങൾ നിക്ഷേപം പിൻവലിക്കുന്നത്. ബാങ്ക് നഷ്ടത്തിലാകരുതെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പക്ഷേ, സമ്പാദിച്ച ഞങ്ങളുടെ നിക്ഷേപത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ബാങ്കുകൾ പറയുന്നത് ഒരു പരിശോധന നടത്തിയാലോ ഏതെങ്കിലും ഇടപാടുകാർ തുക പിൻവലിച്ചതു കൊണ്ടോ സഹകരണ ബാങ്ക് നഷ്ടത്തിലാകില്ല. എന്നാൽ അഭ്യൂഹങ്ങളിൽ പരിഭ്രാന്തരായ ഇടപാടുകാർ കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തുകയാണ്. ബാങ്കിൽ നിക്ഷേപകമുള്ള ആർക്കും പണം നഷ്ടപ്പെടില്ല. ആവശ്യപ്പെടുന്നവർക്കു കാലാവധി പൂർത്തിയാകുമ്പോൾ പണം നൽകും. അതിനു മുൻപു വേണ്ടവർ അപേക്ഷ നൽകിയാൽ കമ്മിറ്റി പരിഗണിച്ചു പാസാക്കി നൽകും.

ഇ.ഡി തൃപ്തരായി മടങ്ങി; തുടർന്നും സഹകരിക്കും

24 മണിക്കൂർ നീണ്ടു നിന്ന പരിശോധനയ്ക്കു ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ തൃപ്തരായാണു മടങ്ങിയതെന്നും പരിശോധനയുമായി തുടർന്നും സഹകരിക്കാൻ ബാങ്ക് തയാറാണെന്നും പ്രസിഡന്റ് എൻ.രവീന്ദ്രനാഥൻ പറഞ്ഞു. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്, സഹകരണ വിജിലൻസ് ഓഡിറ്റിങ്, പൊലീസ് പരിശോധനകൾ തുടങ്ങിയവ പോലെ അന്വേഷണ ഏജൻസി മാത്രമാണു ഇ.ഡി. പൊതു ധനകാര്യ സ്ഥാപനമെന്ന നിലയിൽ നിയമപരമായ ഏതു പരിശോധനയുമായി ബാങ്ക് സഹകരിക്കാറുണ്ട്.

എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധന ബാങ്കിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. ഈ മാസം 13ന് ഇ.ഡി ഓഫിസിൽ നിന്നു ഫോൺ വഴി ചില വിവരങ്ങൾ അന്വേഷിക്കുകയും തുടർന്നു ഇ–മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടി അന്നു തന്നെ രാത്രി 8.30ന് ഇ–മെയിൽ വഴി തന്നെ നൽകി. ഇതോടൊപ്പം 14ന് വിവിധ വിവരങ്ങളുടെ പകർപ്പ് അയച്ചു നൽകുകയും ചെയ്തിരുന്നു.

തുടർന്നാണു വിശദ പരിശോധനയ്ക്കു ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലെത്തിയത്. 18ന് രാവിലെ 8.40 മുതൽ 19 രാവിലെ 9 വരെയാണു ബാങ്കിൽ ഇ.ഡി പരിശോധന നടത്തിയത്. ബാങ്ക് ജീവനക്കാരുടെ ഫോണുകൾ പിടിച്ചുവച്ച ശേഷമായിരുന്നു പരിശോധന. ഇവർക്കു ബാങ്കിൽ തന്നെ അന്നു കഴിയാനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്നും ബാങ്ക് സെർവറിന്റെ ബാക്ക്–അപ് അടക്കം നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT