ഉച്ചഭക്ഷണ പാചകം: അടുക്കളയിൽ നിന്ന് അരങ്ങിലെത്തിയിട്ട് 2 വർഷം

Mail This Article
പുന്നയൂർക്കുളം ∙ കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പാചകം അടുക്കളയിൽ നിന്ന് `അരങ്ങിലെത്തിയിട്ട് ` 2 വർഷം. പുതിയ ക്ലാസ് മുറി സമുച്ചയം പണിയാനാണ് അടുക്കള പൊളിച്ചത്. പിന്നെ അടുക്കള അരങ്ങിൽതന്നെയായി. സ്കൂൾ മൈതാനത്തിനു സമീപത്തെ സ്റ്റേജാണ് ഇപ്പോൾ അടുക്കളയായി ഉപയോഗിക്കുന്നത്. 6 വർഷം മുൻപ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ഇത്. സ്റ്റേജിലെ ഗ്രീൻ റൂമിലാണ് അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കുന്നത്.
3 അടിയിലധികം ഉയരത്തിലുള്ള സ്റ്റേജിലേക്ക് അരിച്ചാക്കും മറ്റു സാധനങ്ങളും എത്തിക്കുന്നത് പ്രയാസമാണ്. ഇവിടെ വെള്ളത്തിനു സൗകര്യമില്ല. പാത്രം കഴുകണമെങ്കിൽ കുട്ടികൾ കൈ കഴുകുന്ന ഭാഗത്തോ നേരത്തെ അടുക്കള ഉണ്ടായിരുന്ന സ്ഥലത്തോ പോകണം. അടുക്കളയ്ക്ക് അടച്ചുറപ്പ് ഇല്ലാത്തതും പ്രശ്നമാണ്. സ്റ്റേജിൽ പരിപാടി നടക്കുന്ന ദിവസം പുറത്താണ് പാചകം നടക്കുക.
ഏതാനും മാസം മുൻപ് വിദ്യാഭ്യാസ മന്ത്രിയാണ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. അപ്പോഴും അടുക്കള പ്രശ്നം ബന്ധപ്പെട്ടവരുടെ മുന്നിൽ എത്തിച്ചില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. അടുക്കള നിർമിക്കാൻ 15 ലക്ഷം രൂപ അനുവദിക്കാമെന്ന് എൻ.കെ. അക്ബർ എംഎൽഎ 2 വർഷം മുൻപ് ഉറപ്പു നൽകിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല.