കോട്ടപ്പുറം - മൂത്തകുന്നം പാലം ആദ്യ തൂണുകൾ ഉയർന്നു

Mail This Article
കൊടുങ്ങല്ലൂർ ∙ കുറ്റിപ്പുറം – ഇടപ്പള്ളി ദേശീയപാത 66 എ ആറുവരി പാതയാക്കുന്നതിനു വേണ്ടിയുള്ള നിർമാണത്തിന്റെ ഭാഗമായി കോട്ടപ്പുറം - മൂത്തകുന്നം പാലത്തിന്റെ നിർമാണം പുരോഗതിയിൽ. ഇരു കരയിലും പൈലിങ് ജോലികൾ പൂർത്തിയാക്കി. കോൺക്രീറ്റ് തൂണുകൾ ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവിലുള്ള പാലത്തിനു പടിഞ്ഞാറു ഭാഗത്താണ് പുതിയ പാലം നിർമിക്കുന്നത്.
കോട്ടപ്പുറത്ത് നിന്നു വി.പി തുരുത്തിലേക്കും വി.പി തുരുത്തിൽ നിന്ന് മൂത്തകുന്നവുമായി ബന്ധിപ്പിച്ചാണ് പാലം. വെള്ളത്തിലും കരയിലുമായി ആറു തൂണുകളിൽ മാത്രമായിരിക്കും പാലം നിർമിക്കുന്നത്. കോട്ടപ്പുറം – മൂത്തകുന്നം പുതിയ പാലം നിർമാണത്തിന്റെ മണ്ണു പരിശോധന ഉൾപ്പെടെ ആദ്യഘട്ട പ്രവർത്തനങ്ങൾ മലേഷ്യയിലെ വൈ ജാക്ക് ടെക്നോളജിയാണ് പൂർത്തിയാക്കിയത്.
മലേഷ്യൻ കമ്പനി പ്രതിനിധികൾ കോട്ടപ്പുറത്ത് ക്യാംപ് ചെയ്തായിരുന്നു പ്രവർത്തനം. കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയറിങ് കമ്പനിക്കാണ് നിർമാണച്ചുമതല. തൃശൂർ ജില്ലയിൽ കോട്ടപ്പുറം മുതൽ കാപ്പിരിക്കാട് വരെ ഡൽഹി കേന്ദ്രമായ ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനിയുമാണ് റോഡ് നിർമിക്കുന്നത്.