ADVERTISEMENT

തൃശൂർ ∙ ഒന്നു മറിഞ്ഞുവീണാൽ മരണമോ മരണത്തോളം പോന്ന കിടപ്പോ നിശ്ചയം. നമ്മുടെ റോഡുകളുടെ അവസ്ഥ പലയിടത്തും ആളുകളുടെ ജീവനെടുക്കുന്ന നിലയിലാണ്. ആഴമുള്ള കുഴികൾ, കല്ലുകൾ ഇളകിത്തെറിച്ച ഇടങ്ങൾ, അതുമല്ലെങ്കിൽ അറ്റകുറ്റപ്പണി എന്ന വഴിപാടിനെ തുടർന്നു കയറിയിറങ്ങി നിൽക്കുന്ന റോഡുകൾ. ഏതായാലും ആരെയും വീഴ്ത്താതിരിക്കില്ല അധികൃതരുടെ അനാസ്ഥ. ഇതിനെല്ലാം അകമ്പടിയായി നിരത്തുകളിലെ ഇരുട്ടും. തൃശൂർ എംജി റോഡിൽ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലത്തും വെളിച്ചമില്ല. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് വഴിയും കുഴിയും കാണാനുള്ള ഏക വഴി. ആരും ലൈറ്റ് ഡിം ആക്കുകയും ഇല്ല.

ഇതുമൂലം അപകടത്തിൽ ചാടുന്നതേറെയും ഇരുചക്രവാഹന യാത്രികരാണ്. അപകടമുണ്ടാക്കിയ എംജി റോഡിലെ കുഴി മൂടിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. അപകടം നടന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ അധികൃതർ ഉണർന്നു പ്രവർത്തിച്ചു. മെറ്റൽ വാരിവിതറി കുഴി നികത്തി. ഒരു ചുവന്ന ബാരിക്കേഡും അപകടം നടന്ന സ്ഥലത്തെ സ്ലാബ് കുറ്റിയിൽ രാഷ്ട്രീയ പാർട്ടിയുടെ ചുവന്ന കൊടിയും ചുറ്റിവച്ചു.

ഇവിടത്തെ അപകട സ്ഥിതിയെക്കുറിച്ചു സമീപത്തുള്ളവർ പലതവണ അധിക‍ൃതരോടു പരാതി പറഞ്ഞിട്ടുണ്ട്. ഒരു നടപടിയും ഉണ്ടായില്ല. തൃശൂർ ജൂബിലി മിഷൻ ഭാഗത്തു നിന്ന് ഇക്കണ്ടവാരിയർ റോഡിലേക്കു വരുമ്പോൾ പള്ളിക്കുളം–ആമ്പക്കാടൻ ജംക്‌ഷൻ റോഡിനു സമീപത്തെ റൗണ്ട് എബൗട്ടിനോടു ചേർന്നും മരണം വാപൊളിച്ചു കിടപ്പുണ്ട്. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് മുതൽ ഗോസായിക്കുന്ന്– കുരിയച്ചിറ– ഒല്ലൂർ ഭാഗത്തേക്കുള്ള റോഡ് മുഴുവൻ വെട്ടിപ്പൊളിച്ച ശേഷം പാച്ച് വർക്ക് നടത്തിയിരുന്നു.

ഇക്കണ്ട വാരിയർ റോഡിൽ ജൂബിലി മിഷൻ ക്വാർട്ടേഴ്സ് റൗണ്ടിലെ വലിയ കുഴി. 	  ചിത്രം: മനോരമ
ഇക്കണ്ട വാരിയർ റോഡിൽ ജൂബിലി മിഷൻ ക്വാർട്ടേഴ്സ് റൗണ്ടിലെ വലിയ കുഴി. ചിത്രം: മനോരമ

ഇവിടെ റോഡിൽ ആഴമുള്ള ചെറിയ കുഴികൾ മാത്രമല്ല, റോഡ് നിരപ്പു തന്നെ കെണിയാണ്. ഈ ഭാഗത്തുകൂടെ ടയർ കയറിയിറങ്ങിയാൽ ബൈക്കു മാത്രമല്ല, നാലു ചക്രങ്ങളും പാളും. പല റോഡുകളിലും കലുങ്ക് നിർമാണങ്ങളും വെട്ടിപ്പൊളികളും തകൃതിയായി നടക്കുകയാണ്. ഇവിടെയൊന്നും ഒരു മുന്നറിയിപ്പു ബോർഡു പോലുമില്ല. ഇനിയൊരാളുടെ ചോര വീഴും വരെ ഈ ‘പാതക’ങ്ങൾ തുടരും. 

ഷോജനും ഭാര്യ ബേബി ആന്റണിയും.
ഷോജനും ഭാര്യ ബേബി ആന്റണിയും.

ആഞ്ഞുതറച്ച് അനാസ്ഥ; ഉള്ളുരുകി ഷോജൻ‌

തൃശൂർ ∙ ‘ചായ കുടിച്ച് കുറച്ചു നേരം ഒന്നിച്ചിരിക്കും. കുറേയധികം വർത്തമാനം പറയും. മകൾ തൃക്കാക്കരയിൽ പഠിക്കുന്നതിനാൽ ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ മിക്കവാറും ദിവസം വൈകിട്ട് നഗരത്തിൽ ഒരു കറക്കം പതിവാണ്. ഞങ്ങളൊന്നിച്ചു സ്ഥിരം പോകുന്ന വഴികളല്ലേ? അവസാനം ആ വഴി തന്നെ’ കൺമുന്നിൽ ചോരവാർന്നു കിടന്ന ഭാര്യയെ കണ്ടു പതറിപ്പോയ നിമിഷങ്ങളുടെ വേദനയും നടുക്കവും ചിയ്യാരം പാലത്തിങ്കൽ ഷോജനെ വിട്ടുപോയിട്ടില്ല. ചിയ്യാരം വിജയമാതാ പള്ളിയുടെ മൺനനവിൽ കിടക്കുകയാണ് ഷോജന്റെ ഭാര്യ ബേബി ആന്റണി (49) എന്ന ആ വീട്ടമ്മ.

13നു രാത്രി പത്തോടെ തൃശൂർ എംജി റോഡിൽ, മന്നത്തു ലെയ്നിലേക്കുള്ള തിരിവിനോടു ചേർന്നുള്ള കുഴിയിൽ വീണാണ് ഷോജനും ബേബിയും സ‍ഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. കുഴിയിൽ വീണയുടൻ ബേബി റോഡിലേക്കു പതിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇളകിത്തെറിച്ചു കിടന്ന റോഡിലെ കൂർത്ത കരിങ്കല്ലുകൾ നെറ്റിത്തടത്തിൽ തറച്ചുകയറി. നെറ്റിപൊട്ടി ചോരവാർന്നൊഴുകി മിനിറ്റുകളോളം കിടക്കേണ്ടി വന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

അപകടത്തിൽപെട്ടവരെ നോക്കി ‘കാണികൾ’ നിൽക്കുകയും കടന്നുപോകുകയും ചെയ്തതല്ലാതെ ഒരു കൈകളും നീണ്ടില്ല; അതുവഴി കടന്നുപോയ മാധ്യമപ്രവർത്തകനായ സുജി പട്ടാമ്പി എത്തും വരെ. ബേബി അക്കൗണ്ടന്റായി ജോലിചെയ്യുന്ന കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലേക്കാണ് ജീവനു വേണ്ടി കിതച്ചെത്തിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റർ സഹായത്തോടെ കുറച്ചുനാൾ ജീവൻ പിടിച്ചു നിർത്താനായെങ്കിലും കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങി. നെല്ലിക്കുന്നിൽ സെന്റ് തോമസ് സോ മിൽ ഉടമയാണ് ഷോജൻ. ഏക മകൾ പവിത്ര.

ഇന്ന് മേയറുടെ ചേംബറിലേക്ക് ശവമഞ്ചമേന്തി പ്രതിഷേധം 

തൃശൂർ ∙ കോർപറേഷനിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും വിഷയത്തിൽ ഇടതു ഭരണസമിതിയുടെയും മേയറുടെയും അനങ്ങാപ്പാറ നയത്തിലും പ്രതിഷേധിച്ചും എംജി റോഡിലെ കുഴിയിൽ വീണു മരിച്ച വീട്ടമ്മയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് കൗൺസിലർമാർ ഇന്നു മേയറുടെ ചേംബറിലേക്കു ശവമഞ്ചം ചുമന്നു മാർച്ച് നടത്തും.

രാവിലെ 10.30നു തെക്കേ ഗോപുരനടയിൽ നിന്നു പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിലാണു മാർച്ച്. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് ഉദ്ഘാടനം ചെയ്യും. ഭരണസമിതിയുടെ അനാസ്ഥ മൂലം ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും മരിച്ച വീട്ടമ്മയുടെ വീടു സന്ദർശിക്കാൻ മേയർ തയാറായില്ലെന്നു രാജൻ പല്ലൻ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT