ADVERTISEMENT

മണ്ണുത്തി ∙ സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം. ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട മുൻ ജീവനക്കാരിക്കാണു 4 വർഷത്തിനു ശേഷം ചട്ടങ്ങൾ മറികടന്നു പുനർനിയമനം നൽകിയത്. 2017 സെപ്റ്റംബറിൽ കാർഷിക സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച യുവതിക്കാണു വീണ്ടും നിയമനം നൽകിയത്. സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ അടുത്ത ബന്ധുവായ യുവതി വെള്ളാനിക്കര കോളജ് ഓഫ് കോ ഓപറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെന്റിൽ ജോലി ചെയ്യുമ്പോൾ പ്രൊബേഷൻ കാലാവധി പൂർത്തിയാകുന്നതിനു മുൻപു 2018 ഡിസംബർ മുതൽ തുടർച്ചയായി ജോലിക്കു ഹാജരായില്ല.

തുടർന്നു 2019 മാർച്ച് 16ന് ഇവർക്കു കാരണം കാണിക്കൽ നോട്ടിസും തുടർന്നു കുറ്റപത്രവും കുറ്റാരോപണ പത്രികയും നൽകി. ഒന്നിനും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നു കാർഷിക സർവകലാശാല ഔദ്യോഗിക അന്വേഷണം നടത്തി. അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാരിക്കെതിരെ സർവീസ് ചട്ടങ്ങൾ അനുസരിച്ചു നടപടിയെടുക്കണമെന്ന് അന്വേഷണ സമിതി ശുപാർശ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിക്കു ഹാജരാകാതിരുന്ന 2018 ഡിസംബർ ഒന്നു മുതൽ സർവീസിൽ നിന്ന് ഇവരെ നീക്കം ചെയ്യാൻ താൽക്കാലികമായി തീരുമാനിക്കുകയും ഈ വിവരം ചൂണ്ടിക്കാട്ടി വീണ്ടും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.

എന്നാൽ മറുപടി ലഭിക്കാത്തതിനെ തുടർന്നു മുൻകാല പ്രാബല്യത്തോടെ ഇവരെ സർവീസിൽ നിന്നു നീക്കി 2020 മാർച്ച് 5ന് സർവകലാശാല ഉത്തരവിറക്കി. നിലവിലെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു നിയമാനുസൃതമായ നടപടികളിലൂടെ സർവീസിൽ നിന്നു പുറത്താക്കിയ വ്യക്തിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ വ്യവസ്ഥയില്ല. എന്നാൽ 4 വർഷത്തിനു ശേഷം 2022 നവംബർ 28ന് ഉത്തരവ് പുനഃപരിശോധിച്ചു ജോലിയിൽ തുടരാൻ അനുവദിക്കണമെന്നും 2018 മുതൽ ചികിത്സയിൽ ആയിരുന്നുവെന്നും കാണിച്ചു കൃഷി മന്ത്രി പി.പ്രസാദിനു ജീവനക്കാരി അപേക്ഷ നൽകി. ചികിത്സാ രേഖകളും സമർപ്പിച്ചു.

ഈ വിഷയത്തിൽ സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിൽ നിയമോപദേശം തേടിയപ്പോൾ സർവകലാശാല ചട്ടങ്ങൾ പാലിച്ച് എടുത്ത തീരുമാനമായതിനാൽ അപേക്ഷ നിരസിക്കാമെന്നും റജിസ്ട്രേഡ് തപാൽ വഴി അപേക്ഷകയെ വിവരം അറിയിക്കാനും സർവകലാശാല അഭിഭാഷകൻ നിർദേശിച്ചു. എന്നാൽ നിയമോപദേശം മറികടന്നു 2023 ജൂലൈ 29നു ചേർന്ന ഭരണസമിതി യോഗം പുനർ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.

സിപിഐ നേതാവിന്റെ ബന്ധുവിനു പുനർനിയമനം നൽകാൻ തീരുമാനമെടുത്ത ഭരണസമിതിയിൽ സിപിഐയുടെ മന്ത്രിമാരായ പി.പ്രസാദും കെ.രാജനും മാത്രമാണ് ഉദ്യോഗസ്ഥർക്കു പുറമേയുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു നട്ടം തിരിയുന്ന സർവകലാശാല സ്വന്തം ഭൂമി പണയം വയ്ക്കാനും ഉദ്യോഗസ്ഥർക്കു പുതിയ വാഹനങ്ങൾ വാങ്ങാനും തീരുമാനമെടുത്തത് അടുത്തകാലത്തു വിവാദമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT