വൈകി വിളഞ്ഞ പച്ചക്കറി കൂട്ടുകാർക്കും നാട്ടുകാർക്കും സൗജന്യമായി എത്തിച്ച് യുവകർഷകൻ

Mail This Article
വാളൂർ∙ ഓണം ലക്ഷ്യമിട്ട് കൃഷി ചെയ്ത പച്ചക്കറിയിനങ്ങളിൽ വൈകി വിളഞ്ഞ ഫലങ്ങൾ സുഹൃത്തുക്കളുടെയും ആവശ്യക്കാരുടെയും വീടുകളിൽ സൗജന്യമായി എത്തിച്ചു നൽകുകയാണ് യുവകർഷകൻ കൂടിയായ അമ്മാർ ചോലാൻ. വാളൂരിലെ 13 സെന്റിലും തന്റെ ഉടമസ്ഥതയിലുള്ള കനറാ ക്ലേ പ്രോഡക്ട് കമ്പനിയുടെ വളപ്പിലുമാണ് പ്രധാനമായും പച്ചക്കറി കൃഷി ചെയ്തത്.
വാളൂരിലെ ഭൂമിയിൽ നായർ സമാജം ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് കൃഷി രീതികൾ പരിശീലിപ്പിക്കുന്നതിനായാണ് പച്ചക്കറി കൃഷി തുടങ്ങിയത്. ഓണത്തിനു വിളവെടുക്കാൻ ലക്ഷ്യമിട്ട് കൃഷി ചെയ്ത പയറും വെണ്ടയും തക്കാളിയും വഴുതനയും മഴ കുറഞ്ഞതോടെ സമയത്തിനു കായ്ച്ചില്ല. കായ്ച്ചപ്പോൾ ചെടികൾ ഒടിഞ്ഞു വീഴുന്ന വിധം ഫലങ്ങൾ ഉണ്ടാകുകയും ചെയ്തു. അപൂർവമായ വെള്ളവഴുതന, കുറ്റിപ്പയർ, ചീര അടക്കമുള്ള പച്ചക്കറികളിൽ കുറച്ച് സ്കൂൾ കുട്ടികൾക്കു നൽകി.
എന്നിട്ടും ബാക്കിവന്നതോടെയാണ് സുഹൃത്തക്കൾക്കും ആവശ്യക്കാർക്കും സൗജന്യമായി നൽകുവാൻ അമ്മാർ തീരുമാനിച്ചത്. വിഷരഹിത കൃഷിയിലൂടെ വിളയിച്ചവ ആയതിനാൽ മുതിർന്ന കിടപ്പുരോഗികളായവരുടെ വീടുകളിലാണ് പ്രധാനമായും എത്തിച്ചത്. ഏകദേശം അൻപതോളം വീടുകളിലേക്ക് ഇവിടെ നിന്ന് സൗജന്യമായി പച്ചക്കറികൾ നൽകിയതായി അമ്മാർ പറയുന്നു. അടുത്തവട്ടം കൂടുതൽ ഭൂമിയിൽ കൃഷിയിറക്കാനാണ് ലക്ഷ്യം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local