റോഡിലെ കുഴി: പരാതി നൽകിയിട്ടും അധികൃതർക്ക് അനക്കമില്ല, ഒടുവിൽ ക്ലബ് പ്രവർത്തകർ ഇറങ്ങി

Mail This Article
ആമ്പല്ലൂർ ∙ നാട്ടുകാരുടെ പരാതി അധികൃതർ തുടർച്ചയായി അവഗണിച്ചതോടെ ആമ്പല്ലൂർ കല്ലൂർ മെക്കാഡം റോഡിലെ മണലി വഴിയ്ക്കു സമീപമുള്ള അപകടക്കുഴികൾ ആമ്പല്ലൂർ പാം ബ്രീസ് ക്ലബ് പ്രവർത്തകർ അടച്ചു. കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് അടച്ചത്. ഏറെ തിരക്കുള്ള റോഡിൽ ആമ്പല്ലൂർ വടക്കുമുറി ഭാഗത്ത് ആഴ്ചകളായി രൂപപ്പെട്ട വലിയ 2 കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരുക്കേൽക്കുന്നത് പതിവാണ്. വളവിനോട് ചേർന്നുള്ള ഭാഗത്തെ കുഴികൾ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ വീണ് തകരാറാകുന്നതും നിത്യ സംഭവമായിരുന്നു.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ പരിപാലന ചുമതല ദേശീയപാത സംസ്ഥാന വിഭാഗത്തിനാണ്. പരിപാലന കാലാവധി കഴിയാത്തതിനാൽ കരാറുകാരാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. ക്ലബ് പ്രസിഡന്റ് സ്റ്റോജൻ പിടിയത്ത്, സെക്രട്ടറി ബിജു കൂവ്വക്കാടൻ, ജോയിന്റ് സെക്രട്ടറി അഭീഷ്‌കുമാർ, വൈസ് പ്രസിഡന്റ് ആന്റസ് കണ്ണംമ്പുഴ, ബെന്നി അമ്പഴക്കാടൻ, ജോൺസൺ മഞ്ഞളി, സജീവ് കരിപ്പേരി, സുധീർ പെരുമറത്ത്, ജോൺ വട്ടക്കുഴി എന്നിവർ നേതൃത്വം നൽകി.