ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ കടുത്ത ഭീഷണി

Mail This Article
അതിരപ്പിള്ളി∙വന പരിപാലനവും വനവത്ക്കരണവും നടക്കുമ്പോഴും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കടുത്ത ഭീഷണിയാകുന്നു. മലയോര പ്രദേശങ്ങളിൽ കാട്ടാന ശല്യമാണ് കർഷകർ നേരിടുന്ന കനത്ത വെല്ലുവിളി. കാടിനു സമാനമായി നാട്ടിൽ വന്യമൃഗങ്ങൾ വിലസുമ്പോൾ ഇവയുടെ ശല്യത്തിന്റെ യഥാർഥ കാരണവും പ്രതിവിധിയും കണ്ടെത്താൻ കഴിയാതെ അധികൃതർ കടുത്ത പ്രതിസന്ധിയിലാണ്. വനത്തിലേക്കുള്ള മനുഷ്യരുടെ കടന്നു കയറ്റവും ഭക്ഷ്യക്ഷാമവും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിനു കാരണമായി പറയുന്നു.
വംശവർധനവിലുണ്ടായ ക്രമാതീതമായ വളർച്ചയും നാട്ടുമ്പുറങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നു കയറ്റത്തിന് ഇടയാക്കുന്നതായും വനം വകുപ്പിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉൾവനങ്ങളിൽ അടിക്കാടു വളരാത്തതിനാൽ ആന,കാട്ടുപോത്ത്,മാൻ തുടങ്ങിയവ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തുകയാണ്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ പുല്ല് തിന്നു കഴിയുന്ന മൃഗങ്ങൾക്ക് കാടിനുള്ളിൽ വേണ്ടത്ര തീറ്റ ലഭിക്കുന്നില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പാരിസ്ഥിതിക പ്രാധാന്യത്തോടെ വനത്തെ സംരക്ഷിക്കുന്നതിനു പകരം സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റി തേക്ക്,യൂക്കാലി,മുതലായവ വച്ചുപിടിപ്പിച്ചത് കാടിനുള്ളിൽ ചൂടു കൂടാൻ ഇടയാക്കി. ഇത്തരത്തിലുള്ള വനവൽക്കരണം പുൽമേടുകൾ ഇല്ലാതാകുന്നതിനും അരുവികളിലെ വരൾച്ചക്കും കാരണമായതായി പഠനങ്ങളിൽ പറയുന്നു. ഇത്തരത്തിൽ വച്ചു പിടിപ്പിക്കുന്ന മരങ്ങൾക്കടിയിൽ പുല്ലുപോലും കിളിർക്കാറില്ല. വനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇക്കോടൂറിസം പദ്ധതികളും വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാര മേഖലയിൽ തടസ്സമുണ്ടാക്കുന്നു.
നിലവിലുള്ള വനത്തിന്റ ഒരുഭാഗം സ്വകാര്യ കമ്പനികളുടെയും അർധസർക്കാർ സ്ഥാപനങ്ങളും നടത്തുന്ന പ്ലാന്റേഷനുകളാണ്. കൂടാതെ കാടു കൈയേറ്റങ്ങളും വനത്തിന്റെ വ്യാപ്തി കുറയുന്നതിനിടയാക്കി. ഇതോടെ തുണ്ടു തുണ്ടായി മാറിയ വനത്തിൽ വന്യമൃഗങ്ങളുടെ വിഹാരവും സഞ്ചാരപാതയും മുറിഞ്ഞതോടെ മൃഗങ്ങൾ ജനവാസ മേഖലയിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local