ഗതകാലത്തിന്റെ ഓർമച്ചുമടുമായി കൂടപ്പുഴ ആറാട്ടുകടവിലെ ചുമടുതാങ്ങി
Mail This Article
ചാലക്കുടി ∙ പോയ കാലത്തിന്റെ ഓർമച്ചുമടും താങ്ങി കൂടപ്പുഴ ആറാട്ടുകടവിനു സമീപം സാന്ത്വനം റോഡിലേക്കു (ആറാട്ടുകടവ്-വെട്ടുകടവ് ബൈ റോഡ്) തിരിയുന്ന ഭാഗത്തെ ചുമടുതാങ്ങി. ഇന്നത്തെ പോലെ പര്യാപ്തമായ റോഡ് സൗകര്യങ്ങളും വാഹന ഗതാഗതവും ഇല്ലാതിരുന്ന കാലത്ത് ഭാരം ഇറക്കി വച്ചു വിശ്രമിക്കാൻ അക്കാലത്തു സഹായകമായിരുന്നു ഇത്തരം ചുമടുതാങ്ങികൾ (അത്താണി).
അക്കാലത്തു പ്രസിദ്ധമായിരുന്ന ചാലക്കുടിച്ചന്ത ഇപ്പോൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ഭാഗത്തെ കുന്നത്തങ്ങാടിയായിരുന്നു. ചന്തയിലേക്ക് കാർഷിക വിഭവങ്ങളും കത്തിക്കുന്നതിനുള്ള കരിയും മറ്റുമായി പോകുന്നവർക്ക് ചുമട് ഇറക്കി വച്ചു വിശ്രമിക്കാൻ വഴിയോരങ്ങളിൽ ചുമടുതാങ്ങികൾ സഹായമായി. 2 കരിങ്കൽ പാളികൾ തൂണുകളായും അതിനു മുകളിൽ മേശത്തട്ടു പോലെ സ്ഥാപിച്ച മറ്റൊരു കരിങ്കൽ പാളിയും ചേർന്നതാണു ചുമടുതാങ്ങി.
പരിയാരം, കോടശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള മലയോര നിവാസികൾ അധികവും ഈ വഴിയാണു ചാലക്കുടിപ്പട്ടണത്തിലേക്കുംചന്തയിലേക്കും വന്നിരുന്നതെന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളതായി പ്രദേശവാസിയായ മധു ചിറയ്ക്കൽ പറഞ്ഞു. 4 അടി ഉയരമുള്ളതാണു ചുമടുതാങ്ങി. പിന്നീട് വാഹന ഗതാഗത സൗകര്യങ്ങൾ വർധിക്കുകയും യാത്ര കൂടുതൽ സുഗമമാകുകയും ചെയ്തതോടെ ചുമടുതാങ്ങി വഴിയോരത്തു പഴയ ഓർമകളുടെ ഇരിപ്പിടമായി.
പിന്നീടു മുകളിലെ കരിങ്കൽ പാളിതാഴെ വീണ് ഏറെക്കാലം മണ്ണിൽ പൂണ്ടു കിടന്നു. നാട്ടിലെ യുവാക്കളാണ് വലിയ ഭാരമുള്ള ഇത് വീണ്ടും പുനഃസ്ഥാപിച്ചത്. ഇതിനു മുകളിൽ വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കാനും നാട്ടിൻപുറത്തുകാർ എത്തിയിരുന്നു. ഇന്നും പതിറ്റാണ്ടുകൾ മുൻപുള്ള നാടിന്റെ ചരിത്രത്തെയും വളർച്ചയുടെ വഴികളെയും ഓർമിപ്പിച്ച് ഈ ചുമടുതാങ്ങി അവിടെ തന്നെയുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local