ചുക്കുകാപ്പി പദ്ധതി വിജയം; അപകടം വഴിമാറി, 100 ദിവസം പിന്നിട്ട് ദേശീയപാത
Mail This Article
കയ്പമംഗലം∙ ദേശീയപാതയിലെ വാഹനാപകടങ്ങൾ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചുക്ക് കാപ്പി പദ്ധതിയാണ് ജനപിന്തുണയിൽ നൂറ് ദിവസം പൂർത്തീകരിച്ചു. രാത്രി കാലങ്ങളിൽ അപകടങ്ങൾ വർധിച്ചു വരികയും, മരണങ്ങൾ സംഭവിക്കുന്നതും പതിവായതോടെ ഡ്രൈവറുടെ ഉറക്കത്തിന് തടയിടുന്നതിനായാണ് ചുക്ക് കാപ്പി വിതരണം ആരംഭിച്ചത്. രാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെ കയ്പമംഗലം ബോർഡ് ജംക്‌ഷനിലാണ് ചുക്ക് കാപ്പി വിതരണം നടത്തി വരുന്നത്.
100 ദിവസത്തിനിടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായെത്തി. വിദ്യാർഥികൾ ഉൾപ്പെടെ വിവിധ ക്ലബ്ബുകളും, സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും ചുക്ക് കാപ്പി വിതരണത്തിന് സന്നദ്ധരായി രംഗത്തു വന്നു. ഈ നൂറ് ദിവസത്തിനിടെ പ്രദേശത്ത് രാത്രിയിൽ ഒരു അപകടം പോലും സംഭവിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നൂറാം ദിന പരിപാടി സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക് ചുക്ക് കാപ്പി വിതരണ കേന്ദ്രം സന്ദർശിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇ.ടി.ടൈസൺ എംഎൽഎ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ്.എൻ.ശങ്കരൻ, പദ്ധതി ചെയർമാൻ സി.ജെ.പോൾസൺ, കോ-ഓർഡിനേറ്റർ കെ.കെ.സക്കരിയ, പൊലീസ് ഇൻസ്‌പെക്ടർ എം.ഷാജഹാൻ, പഞ്ചായത്ത് അംഗങ്ങളായ യു.വൈ.ഷമീർ, റസീന ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ചളിങ്ങാട് ഇശൽ മെഹ്താബ് അവതരിപ്പിച്ച കൈ മുട്ടിപ്പാട്ടും ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local