2 ലീറ്റർ ഐസ്ക്രീം, ഒരു കുല നേന്ത്രക്കായ, 100 മുട്ട; വരൂ.. ഭാഗ്യം മാടിവിളിക്കുന്നു, ഈ പച്ചക്കറിക്കടയില്‍

Mail This Article
പരിയാരം∙ ഇതാ,.ഈ കടയിൽ പച്ചക്കറിയും പലചരക്കും മിഠായികളും പോലെ ഭാഗ്യമുണ്ടെങ്കില്‍ നാട്ടുകാർക്കു സമ്മാനങ്ങളും കിട്ടും. വെറുതെയല്ല, കായിക മത്സരങ്ങളിൽ വിജയികളെ പ്രവചിച്ചു ശരിയുത്തരം നൽകുന്നവരിൽ നിന്നു നറുക്കെടുത്താണു സമ്മാനം നൽകുന്നത്. ചെറുപ്രായം മുതൽ ഫുട്ബോളിനെയും ക്രിക്കറ്റിനെയും നെഞ്ചേറ്റുന്ന ജിന്റോ വട്ടോലിയുടെ ഉടമസ്ഥതയിലുള്ളതാണു വേളൂക്കര തൂമ്പാക്കോട് പള്ളി നടയിലുള്ള ഈ കൊച്ചുവ്യാപാര സ്ഥാപനം.
സമ്മാനങ്ങളായി നൽകുന്നതു പലതും കടയിലുള്ള സാധനങ്ങൾ തന്നെ. വെളിച്ചെണ്ണയും അരിയും കോഴിമുട്ടയും വാഴക്കുലയും എല്ലാം സമ്മാനങ്ങളായി പ്രദേശവാസികളുടെ വീടുകളിലെത്തി. 2 ലീറ്റർ ഐസ്ക്രീം, ഒരു കുല നേന്ത്രക്കായ,100 മുട്ട,100 കാടമുട്ട, 2 ലീറ്റർ വെളിച്ചെണ്ണ, 3 എൽഇഡി ബൾബുകൾ, കേരള ലോട്ടറിയുടെ 5 ടിക്കറ്റുകൾ, മീൻ,കോഴി,ഇറച്ചി,10 കിലോ അരി എന്നിങ്ങനെ പോകുന്നു സമ്മാനങ്ങളുടെ നിര. 7 വർഷമായി പ്രധാന കായിക മത്സരങ്ങൾക്കെല്ലാം ഇതു തുടരുന്നു. ഇതിനകം നൽകിയതു രണ്ടര ലക്ഷം രൂപയുടെ സമ്മാനങ്ങളെന്ന് അറിയുമ്പോൾ നമുക്ക് ഞെട്ടാതെ വയ്യ.
സംസ്ഥാന,ദേശീയ,ലോക മത്സരങ്ങൾ നടക്കുമ്പോൾ ഫേസ്ബുക്ക് വഴി വിജയികളെ പ്രഖ്യാപിക്കാനുള്ള അറിയിപ്പു നൽകും. കൃത്യമായി പ്രവചനം നടത്തുന്നവരില്‍ നിന്നു നറുക്കെടുത്ത് വിജയികളെ പ്രഖ്യാപിക്കുന്നതും കടയിലെത്തുന്നവര്‍ തന്നെ. ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി, ടെന്നിസ് തുടങ്ങി കായിക മത്സരം ഏതായാലും പ്രവചന മത്സരം ഉറപ്പ്. 200 മുതൽ 500 രൂപ വരെ വിലയുള്ള സമ്മാനങ്ങളാണു സാധാരണ നൽകാറുള്ളത്. ഒരു മാസം ശരാശരി 20 പ്രവചന മത്സരമെങ്കിലും ജിന്റോ നടത്തും. കാരുണ്യ പ്രവർത്തനങ്ങളിലും ജിന്റോയുടെ കയ്യൊപ്പ് പതിവായി പതിയാറുണ്ട്. പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും വില കുറച്ചും സൗജന്യമായും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local