പ്രകൃതി വാതകം പൈപ്പ് വഴി അടുക്കളയിലേക്ക്... സിറ്റി ഗ്യാസ്: പെരുമ്പിലാവിൽ പണി പൂർത്തിയാകുന്നു

Mail This Article
പെരുമ്പിലാവ് ∙ പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം (പിഎൻജി) പൈപ്പ് വഴി അടുക്കളയിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പണികൾ പെരുമ്പിലാവിലും പൂർത്തിയാകുന്നു. അടുത്ത വർഷം മാർച്ചോടെ പെരുമ്പിലാവിലെ വീടുകളിലും ഗ്യാസ് കണക്‌ഷൻ ലഭ്യമാകുമെന്നു അദാനി ഇന്ത്യൻ ഓയിൽ അസറ്റ് ഹെഡ് ദീപു ജോൺ പറഞ്ഞു. കുന്നംകുളത്ത് ഗ്യാസ് വിതരണം കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. ചൊവ്വന്നൂർ പഞ്ചായത്തിലും കുന്നംകുളം മുനിസിപ്പാലിറ്റിയിലുമായി 110 കണക്‌ഷനുകൾ ഇതുവരെ നൽകിക്കഴിഞ്ഞു.
ജില്ലയിൽ കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര വരെയാണു പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. പെരുമ്പിലാവ് സെന്ററിലും കൊരട്ടിക്കരയിലും കൺട്രോൾ ചേംബർ സ്ഥാപിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. 3 കിലോമീറ്റർ ഇടവിട്ടു നിർമിക്കുന്ന ഈ ചേംബറുകൾ വഴിയാണു ഗ്യാസ് വിതരണം നിയന്ത്രിക്കുക. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വീടുകളിലേക്ക് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും.
സാധാരണ പാചകവാതക സിലിണ്ടറിനേക്കാൾ സാമ്പത്തികച്ചെലവു കുറവാണ് എന്നതും അപകടസാധ്യത തീരെയില്ല എന്നതുമാണു സിറ്റി ഗ്യാസ് പദ്ധതിയുടെ സവിശേഷത. മുൻകൂർ പണമടയ്ക്കാതെ തന്നെ 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് ലഭിക്കും. കെഎസ്ഇബിയുടെ പോലെ 2 മാസത്തിലൊരിക്കൽ മീറ്റർ റീഡിങ് കണക്കാക്കിയാണ് ബിൽ അടയ്ക്കേണ്ടത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local