പോത്തുപാറ ആദിവാസി പുനരധിവാസ കോളനി താൽക്കാലിക അങ്കണവാടി കെട്ടിടം കാറ്റിൽ നിലംപൊത്തി
Mail This Article
അതിരപ്പിള്ളി ∙ പോത്തുപാറ ആദിവാസി പുനരധിവാസ കോളനിയിലെ താൽക്കാലിക അങ്കണവാടി കെട്ടിടം കാറ്റിൽ നിലംപൊത്തി. 2021 മുതൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു അങ്കണവാടിയുടെ പ്രവർത്തനം. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 24 കുടുംബങ്ങളാണ് പോത്തുപാറയിൽ താമസിക്കുന്നത്. കുടിയേറിപ്പാർത്ത ഊരുനിവാസികൾക്ക് സന്നദ്ധ പ്രവർത്തകരാണ് അങ്കണവാടിക്കായി ഷെഡ് നിർമിച്ചു നൽകിയത്.
സുരക്ഷിതമല്ലാത്ത ഷെഡിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ അധികൃതർ കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള പോഷകാഹാരം ഊരിൽ എത്തിച്ചു നൽകുകയായിരുന്നു.ജീവനക്കാർക്ക് എത്തിപ്പെടാൻ നേരിട്ട ബുദ്ധിമുട്ട് അങ്കണവാടിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇക്കൂട്ടരുടെ പുനരധിവാസം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഊരിൽ അങ്കണവാടിയുടെ തുടർ പ്രവർത്തനം മതിയെന്ന നിലപാടിലാണ് ഒരുകൂട്ടം ഊരുനിവാസികൾ.
നിലവിൽ താൽക്കാലിക ജീവനക്കാരെ വച്ചാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം സ്ഥിരം ജീവനക്കാരി എത്തിയെങ്കിലും കെട്ടിടമില്ലാത്തതിനാൽ അങ്കണവാടി പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിൽ ഊരുനിവാസികൾ വിസമ്മതം രേഖപ്പെടുത്തി. കൂടാതെ ഊരിലെ അർഹതയുള്ളവർക്ക് മുൻഗണന നൽകി വർക്കർമാരായി ജോലി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.പുതിയ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സിഡിപിഒ. എം.പി.ഷേർലി അറിയിച്ചു.