ശ്രീനാരായണപുരത്ത് ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണവും പണവും നഷ്ടപ്പെട്ടു
Mail This Article
മതിലകം∙ശ്രീനാരായണപുരം മുള്ളൻബസാർ എരുമതിരുത്തി ഭഗവതി ക്ഷേത്രത്തിൽ മോഷണം.തിരവാഭരണവും പണവും കവർന്നു. ക്ഷേത്രത്തിലെ ശാന്തിമഠത്തിലെ മേശയിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിൽ ചാർത്തുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 2 പവന്റെ മാലയും ഒരു പവന്റെ ചന്ദ്രക്കലയുമാണ് നഷ്ടപ്പെട്ടത്.
ക്ഷേത്രം ഓഫിസിന്റെയും ശാന്തിമഠത്തിന്റെയും പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്. മേശവലിപ്പിൽ നിന്ന് താക്കോൽ എടുത്ത് ക്ഷേത്രവും തുറന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് വലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലർച്ചെ 4 മണിയോടെ രണ്ടാം ശാന്തി ഉണ്ണികൃഷ്ണൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മതിലകം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം മതിലകം അടിപ്പറമ്പിൽ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.