ജയിലിലെ ബീഡിക്കച്ചവടം; ഒളിവിൽ കഴിഞ്ഞ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Mail This Article
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ ബീഡിക്കച്ചവടം നടത്തിയ കേസിൽ ഒളിവിലായിരുന്ന അസി. പ്രിസൺ ഓഫിസർ അജുമോൻ (36) അറസ്റ്റിൽ. 3 മാസമായി സസ്പെൻഷനിലായിരുന്ന പ്രതിയെ കാലടിയിൽ നിന്നാണു വിയ്യൂർ പൊലീസ് പിടികൂടിയത്. വിയ്യൂർ ജയിലിനുള്ളിലേക്കു പുകയില ഉൽപന്നങ്ങളും മറ്റു ലഹരി വസ്തുക്കളും അജുമോൻ നിരന്തരം കടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജയിൽ വകുപ്പിൽ 13 വർഷത്തെ സർവീസുള്ള അജുമോൻ താൽക്കാലിക ജീവനക്കാരെ കാരിയർമാരായി ഉപയോഗിച്ചു പല ജയിലുകളിലും ലഹരിക്കടത്തു പതിവാക്കിയിരുന്നതായും വ്യക്തമായി.
വിയ്യൂർ സെൻട്രൽ ജയിലിൽ അജുമോൻ നടത്തുന്ന ലഹരിയിടപാടുകളെക്കുറിച്ച് ഒരു തടവുകാരന്റെ സാക്ഷിമൊഴി സഹിതം സൂപ്രണ്ട് ജയിൽ ഡിജിപിക്കു റിപ്പോർട്ട് നൽകിയതു ജൂൺ 27നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. സൂപ്രണ്ട് വിയ്യൂർ പൊലീസിനും വിവരം നൽകിയതോടെയാണു കേസെടുത്തത്. അജുമോനെ ചോദ്യം ചെയ്യാൻ പൊലീസ് കോടതിയുടെ അനുവാദം നേടി. ആദ്യഘട്ട ചോദ്യംചെയ്യലിൽ തന്നെ പ്രതി ലഹരിമരുന്നടക്കം ജയിലിലെത്തിക്കുന്നതായി വ്യക്തമായി. സമീപ കാലത്തു വിയ്യൂരിൽ നിന്നു പലപ്പോഴായി പിടിച്ചെടുത്ത ലഹരിവസ്തുക്കളിലേറെയും അജുമോൻ വഴിക്കാണു ജയിലിനുള്ളിലെത്തിയതെന്നും കണ്ടെത്തി.
100 രൂപ വിലവരുന്ന ഒരുകെട്ടു ബീഡി 2500 രൂപയ്ക്കു തടവുകാർക്കിടയിൽ വിൽക്കുന്നതായി തെളിഞ്ഞു. തടവുകാരുടെ വീട്ടുകാർ അജുമോന്റെ മൊബൈൽ ഫോണിലേക്കു യുപിഐ വഴി പണം മുൻകൂറായി അയച്ചു നൽകിയാലേ ലഹരിവസ്തുക്കൾ ജയിലിനുള്ളിൽ കൈമാറ്റം ചെയ്യൂ. പണം ലഭിച്ചു കഴിഞ്ഞാൽ ഓരോ തടവുകാരനും എടുക്കാൻ പാകത്തിനു വ്യത്യസ്ത സ്ഥലങ്ങളിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു വച്ചാണു കൈമാറ്റം. അജുമോന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഒട്ടേറെ അനധികൃത പണമിടപാടുകളുടെ തെളിവുകൾ ലഭിച്ചു.
സമാന രീതിയിലുള്ള ആരോപണത്തിന്റെ പേരിലാണു മൂവാറ്റുപുഴ സബ് ജയിലിൽ നിന്ന് ഇയാളെ വിയ്യൂരിലേക്കു സ്ഥലംമാറ്റിയത്. എസ്എച്ച്ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഏബ്രഹാം വർഗീസ്, സിപിഒമാരായ ജോഷി ജോസഫ്, പി.സി. അനിൽ കുമാർ, അനീഷ്, ടോമി എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local