തൃശൂർ നഗരത്തിനെന്നും ‘ഇരുട്ടടി’; ചിലയിടത്ത് തെരുവുവിളക്കില്ല; ചിലയിടത്തു കത്തുന്നില്ല, ശുചിമുറി എവിടെ?

Mail This Article
തൃശൂർ ∙ രാത്രി 7 മണി കഴിഞ്ഞാൽ നഗരത്തിലെ ചില ഭാഗങ്ങളിൽ വീഴാതെ നടക്കണമെങ്കിൽ ടോർച്ചുമെടുത്ത് ഇറങ്ങണം. പല ബസ് സ്റ്റോപ്പുകളിലും അവിടേക്കുള്ള വഴികളിലും വെളിച്ചമില്ല. ചിലയിടങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടേയില്ല. ഉള്ളതിൽ ചിലയിടത്ത് അവ കത്തുന്നില്ല. കൊക്കാലെ ഭാഗത്തു നിന്നു ശക്തൻ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നിടത്തു തീരെ വെളിച്ചമില്ല. റെയിൽവേയിൽ നിന്നോ കെഎസ്ആർടിസിയിൽ നിന്നോ ശക്തൻ സ്റ്റാൻഡിലേക്കു നടന്നു വരണമെങ്കിൽ ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. ശക്തൻ സ്റ്റാൻഡിനു സമീപത്തു ഹാർട്ട് ഹോസ്പിറ്റലിൽ നിന്നു ജീവനക്കാർ ബസ് സ്റ്റോപ്പിലേക്കോ ശക്തൻ സ്റ്റാൻഡിലേക്കോ പോകുന്ന വഴിയും ഇരുട്ടിലാണ്.
കടകളോ മറ്റു സ്ഥാപനങ്ങളോ ഇല്ലാത്ത ഇവിടെ വഴിയരികിൽ കുറ്റിക്കാടുകളുമുണ്ട്. ഒട്ടേറെപ്പേർ രാത്രിയും എത്തുന്ന ശക്തൻ സ്റ്റാൻഡിന്റെ ഒരു വശത്തു തീരെ വെളിച്ചമില്ല. ബസുകളുടെ ലൈറ്റിന്റെ വെട്ടത്തിൽ തപ്പിത്തടഞ്ഞു വേണം നടക്കാൻ. റെയിൽവേ റോഡിൽ നിന്ന് കെഎസ്ആർടിസിയിൽ പ്രവേശിക്കുന്നിടത്തും വെളിച്ചക്കുറവ് പ്രശ്നമാണ്. രാത്രിയിൽ സ്ത്രീകൾക്ക് നഗരം എങ്ങനെ? നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞ് ഒട്ടേറെ സ്ത്രീകളാണു നഗരത്തിൽ നിന്നു രാത്രിയിൽ വീടുകളിലേക്കു മടങ്ങുന്നത്.
ഏറെയും നഴ്സുമാരും തുണിക്കടകളിൽ ജോലി ചെയ്യുന്നവരും. രാത്രിയാത്രയിൽ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ചു ഇപ്പോൾ കുറവാണ് എന്നാണു സ്ത്രീകൾ പറയുന്നത്. ‘മോശം അനുഭവങ്ങൾ അങ്ങനെയുണ്ടാകാറില്ല, എന്നാൽ രാത്രി 8 കഴിഞ്ഞാൽ ബസുകൾ കുറവാണ്. അവസാന ബസ് കിട്ടിയില്ലെങ്കിൽ നട്ടം തിരിയും’ കിഴക്കേകോട്ടയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വലക്കാവ് സ്വദേശിനി പറയുന്നു. രാത്രി ജോലി കഴിഞ്ഞു വരുന്ന വഴി മദ്യപരുടെ ശല്യം ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ടെന്നു തുണിക്കടയിൽ ജോലി ചെയ്യുന്ന കൊഴുക്കുള്ളി സ്വദേശിനി രേഖയും പട്ടാളക്കുന്ന് സ്വദേശിനി ഗംഗയും പറയുന്നു.
ശുചിമുറി എവിടെ?
തേക്കിൻകാട് മൈതാനത്തു രാത്രിസമയം ചെലവഴിക്കാൻ എത്തുന്നവർ ഏറെയാണ്. കുടുംബത്തോടൊപ്പവും ഒറ്റയ്ക്കും കൂട്ടുകാരൊന്നിച്ചും ആളുകളെത്തുന്നു. സ്ത്രീകൾ മാത്രമുള്ള സംഘവും അതിലുണ്ട്. മരച്ചുവടുകളിലും തെക്കേനടയിലും ഇരുന്ന് രാത്രിയുടെ സൗന്ദര്യം ആസ്വദിക്കുന്നവർക്കു പക്ഷേ അടുത്തൊന്നും ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതിൽ പരാതിയുണ്ട്. ആകാശപ്പാതയിൽ കയറി താഴെ തിരക്കുകൾ കണ്ടാസ്വദിക്കുന്നവർക്കും ഇതേ പരാതിയുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
നിങ്ങൾ പറയൂ!
നഗരത്തിൽ രാത്രി യാത്ര ചെയ്തിട്ടുള്ള, ഇപ്പോഴും യാത്ര ചെയ്യുന്ന സ്ത്രീകളായ വായനക്കാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാം. നിങ്ങൾക്ക് സമൂഹത്തോടോ ജില്ലാ ഭരണകൂടത്തോടോ എന്തെങ്കിലും പറയാനുണ്ടോ..എങ്കിൽ മനോരമയിലേക്ക് നിങ്ങളുടെ അനുഭവക്കുറിപ്പുകളും നിർദേശങ്ങളും അയയ്ക്കാം. യോഗ്യമായവ പ്രസിദ്ധീകരിക്കും. വാട്സാപ് നമ്പർ: 8921771180.