കുതിരാൻ: 7 മാസത്തിനുള്ളിൽ കോൺക്രീറ്റിടൽ പൂർത്തിയാക്കണം; സംരക്ഷണഭിത്തി നിർമാണം 40% പൂർത്തിയായി

Mail This Article
കുതിരാൻ ∙ ഒന്നാമത്തെ തുരങ്കത്തിനുള്ളിൽ 7 മാസത്തിനുള്ളിൽ കോൺക്രീറ്റിടൽ പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി കരാർ കമ്പനിയോട് ആവശ്യപ്പെട്ടു. ഇവിടെ 40 ശതമാനമാണു മുകൾ ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തിയാക്കിയത്. കുതിരാനിലെ റോഡിനായി തുരക്കുന്ന പാറയുടെ ഗാഢത കൂടുതലാണെന്നും മുകൾ ഭാഗത്തു ദുർബലാവസ്ഥയുള്ള ഭാഗത്തു മാത്രം കോൺക്രീറ്റ് നടത്തിയാൽ മതിയെന്നും ആദ്യഘട്ടത്തിൽ കരാർ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് ചെന്നൈ ഐഐടി സംഘമുൾപ്പെടെ എത്തി സുരക്ഷാ പരിശോധന നടത്തിയപ്പോൾ തുരങ്കം പൂർണമായി കോൺക്രീറ്റിങ് നടത്തണമെന്നു നിർദേശം നൽകിയിരുന്നു. എന്നാൽ ടോൾ പിരിവ് ആരംഭിച്ച് ഒന്നര വർഷം പൂർത്തിയായിട്ടും കോൺക്രീറ്റിങ് ആരംഭിക്കാത്തതിനെത്തുടർന്നാണു കരാർ കമ്പനിക്ക് നോട്ടിസ് നൽകിയത്.
സംരക്ഷണഭിത്തി നിർമാണം 40 ശതമാനം പൂർത്തിയായി
കുതിരാൻ ∙ വഴുക്കുംപാറയിൽ ശക്തമായ മഴയിൽ മേൽപാതയിൽ വിള്ളലുണ്ടായ ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ നിർമാണം 40 ശതമാനം പൂർത്തിയായി. കഴിഞ്ഞ ജൂലൈ 4 നാണു പാതയിൽ വിള്ളൽ രൂപപ്പെട്ടത്. ഈ ഭാഗത്ത് 3 വരിപ്പാതയിലൂടെയാണു 2 ഭാഗത്തേക്കുമുള്ള ഗതാഗതം തുടരുന്നത്. 4മാസത്തിനുള്ളിൽ സുരക്ഷാഭിത്തിയുടേയും റോഡിന്റെയും നിർമാണം പൂർത്തിയാക്കാനാണു നിർദേശം. തുരങ്കത്തിനു സമീപം വഴുക്കുംപാറയിൽ 90 മീറ്റർ നീളത്തിലാണു സുരക്ഷാഭിത്തി നിർമിക്കുന്നത്.
