ഭക്തർ സ്വയം അണ്ണാറക്കണ്ണനെന്ന് സങ്കൽപ്പിച്ച് ഒരു പിടി മണ്ണിട്ട് സേതുബന്ധന വന്ദനം, ശ്രീരാമൻ ചിറയിൽ ചിറകെട്ടോണം

Mail This Article
ചെമ്മാപ്പിള്ളി∙ ശ്രീരാമൻചിറയിൽ ചിറകെട്ടോണം ആഘോഷിച്ചു. ഭക്തർ സ്വയം അണ്ണാറക്കണ്ണനെന്ന് സങ്കൽപ്പിച്ച് ഒരു പിടി മണ്ണിട്ട് സേതുബന്ധന വന്ദനം നടത്തി. ഇന്നലെ പുലർച്ചെ 3 നു തൃപ്രയാർ ക്ഷേത്രത്തിൽ നിന്നു നിയമവെടി മുഴങ്ങിയതോടെ ആരംഭിച്ച ചടങ്ങുകളും ആഘോഷങ്ങളും രാത്രിയാണു സമാപിച്ചത്. പുതുതായി നിർമിച്ച സേതുവിൽ തൃപ്രയാർ തേവർ രാത്രി വിശ്രമിച്ചു ഇന്നു പുലർച്ചെ ക്ഷേത്രത്തിൽ തിരിച്ചെത്തുമെന്നാണു വിശ്വാസം.
രാവിലെ ശ്രീരാമൻ ചിറയിൽ നിന്നു തൃപ്രയാർ അനിയൻമാരാർ നയിച്ച പാണ്ടിമേളവും കൊമ്പൻ ചെറുശ്ശേരി രാജേന്ദ്രന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയും കൊട്ടാരവളപ്പിൽ ക്ഷേത്രത്തിൽ സമാപിച്ചു. 11.30 മുതൽ വിവിധ ജാതി- മത പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ശബരീ സൽക്കാരം നടത്തി. ഉച്ചകഴിഞ്ഞു 2 നു കൈകൊട്ടിക്കളി അരങ്ങേറി. 3 മുതൽ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ആഘോഷ പരിപാടികൾ ആരംഭിച്ചു. കുമ്മാട്ടി ഘോഷയാത്ര, ശിങ്കാരി മേളം, കാളകളി, തെയ്യം, ചിന്ത്പാട്ട്, തിറയാട്ടം എന്നിവയുണ്ടായി.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നു ചെണ്ടമേളവും എഴുന്നളളിപ്പും കൊമ്പൻ തട്ടത്തുവിള ശിവന്റെ അകമ്പടിയോടെ ചെമ്മാപ്പിള്ളിയിലെത്തി. എല്ലാ ഘോഷയാത്രകളും ശ്രീരാമൻചിറ കെട്ടിന്മേൽ സംഗമിച്ചതിനു ശേഷം കലിസംതരണ മന്ത്ര ജപം നടത്തി. തുടർന്നു ചിറകെട്ട് അവകാശി പനോക്കി സുരേഷ് പരമ്പരാഗത രീതിയിൽ സേതുബന്ധന ചടങ്ങുകൾ നടത്തി. എല്ലാ ഘോഷയാത്രകളും കൊട്ടാരവളപ്പിലെത്തിയപ്പോൾ തൃപ്രയാർ ദേവസ്വം മാനേജർ എം.പി. സുരേഷ് അവകാശവിതരണം നടത്തി.