തൃശൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ പ്രൗഢി മായാതെ വിശ്രമ മുറി

Mail This Article
തൃശൂർ ∙ തൃശൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ രാജപ്രതാപത്തിന്റെ ആ തിരുശേഷിപ്പ് ഇപ്പോഴുമുണ്ട്. കാലം ചൂളംവിളിച്ചു മുന്നോട്ടു പായുമ്പോഴും പുതുമയെ പഴമയുമായി ബന്ധിപ്പിക്കുന്ന ഒന്ന്–അതാണ് കൊച്ചി രാജാവിന്റെ വിശ്രമമുറി (ഹിസ് ഹൈനസ് വെയിറ്റിങ് റൂം). കിഴക്കോട്ടു മുഖമുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ വടക്കുഭാഗത്ത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്ന് കൊച്ചി രാജ്യത്തിന്റെ രാജമുദ്രയും ചൂടി തലയെടുപ്പോടെ ആ മുറി ഇന്നും കാണാം.പണ്ടു കൽക്കരി തീവണ്ടി ഓടിയെത്താൻ ധാരാളം സമയമെടുത്തിരുന്നല്ലോ.
അതിനാൽ നേരത്തെ സ്റ്റേഷനിലെത്തി തീവണ്ടി കാത്തിരിക്കുന്ന രാജാവിനു വിശ്രമിക്കാനായിരുന്നു ഈ മുറി. അന്നു ബോഗികൾ കുറവുള്ളതിനാൽ സ്റ്റേഷനും ചെറുതായിരുന്നു. കൊച്ചിൻ സർവേ സൂപ്രണ്ട് ജെ.തോംപ്സണിന്റെ നേതൃത്വത്തിൽ 1904ൽ തയാറാക്കിയ തൃശിവപേരൂർ വില്ലേജ് ഭൂപടത്തിൽ ഈ മുറി അടയാളപ്പെടുത്തിയിട്ടുണ്ട്. 1954ൽ പ്രസിദ്ധീകരിച്ച തൃശൂർ റവന്യൂ ഭൂപടത്തിലും ‘ഹിസ് ഹൈനസ് വെയിറ്റിങ് റൂം’ എന്നു രേഖപ്പെടുത്തിയതായി കാണാം.
വരുമോ, ഡിജിറ്റൽ ലൈബ്രറി?
സ്റ്റേഷനിലെ വിശ്രമമുറി ഒഴികെ എല്ലാ പഴയ കെട്ടിടങ്ങളും കാലാന്തരത്തിൽ പുതുക്കിപ്പണിതിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ പരിഗണന ഉള്ളതിനാലാണ് ഒരു മാറ്റവുമില്ലാതെ വർഷങ്ങളോളം ആ മുറി നിലകൊണ്ടതു തന്നെ. എന്നാൽ പുറമേ നിന്നു കാണുന്ന പ്രൗഢി കെട്ടിടത്തിന് ഇന്നില്ല. പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്. കുറച്ചുഭാഗം ലേബേഴ്സ് റെസ്റ്റ് റൂമായും ഒരു ഭാഗം റെയിൽവേ പോർട്ടമാരും ആണ് ഉപയോഗിച്ചുവരുന്നത്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആധുനിക നവീകരണ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ രാജാവിന്റെ വിശ്രമമുറി ഡിജിറ്റൽ ലൈബ്രറിയായി നിലനിർത്താനാണു പദ്ധതി. പുതിയ മാസ്റ്റർ പ്ലാനിൽ ഈ ഭാഗം ഹെറിറ്റേജ് ബിൽഡിങ് എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. പുതിയ കാലവേഗത്തിലും ചരിത്രശേഷിപ്പായി ആ രാജപ്രതാപം തുടരുമെന്നു കരുതാം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local