ADVERTISEMENT

തൃശൂർ ∙ കള്ളപ്പണക്കേസിൽ ഇ.ഡി അന്വേഷണം നേരിടുന്ന തൃശൂർ സഹകരണ ബാങ്കിനെതിരെ വീണ്ടും വായ്പത്തട്ടിപ്പിനു പരാതി. കള്ളപ്പണക്കേസ് മുഖ്യപ്രതി പി. സതീഷ് കുമാർ ഇടനിലക്കാരനായി നിന്ന് അയ്യന്തോൾ സഹകരണ ബാങ്കിനെക്കൊണ്ടു വായ്പ ഏറ്റെടുപ്പിച്ച ശേഷം 13 ലക്ഷം രൂപ തൃശൂർ സഹകരണ ബാങ്കിലേക്കു മാറ്റുകയും ഇതിൽ 12.50 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണു പരാതി. തട്ടിപ്പിന് ഇരയായ എടക്കഴിയൂർ അരുവള്ളിൽ ഉണ്ണിക്കൃഷ്ണനു വേണ്ടി സഹോദരൻ അനിൽ കുമാർ ആണു വെസ്റ്റ് പൊലീസിനു പരാതി നൽകിയത്.

തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണൻ അടക്കമുള്ളവർക്കെതിരെയാണു പരാതി. പരാതിയിൽ പറയുന്നതിങ്ങനെ: ഗുരുവായൂർ ഗ്രാമീൺ ബാങ്കിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ നാലര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പലിശ സഹിതം ബാധ്യത ഏഴര ലക്ഷം രൂപ ആയി ഉയർന്നതോടെ സതീഷ് കുമാർ ഉണ്ണിക്കൃഷ്ണനെ ബന്ധപ്പെട്ടു. ഏഴര ലക്ഷം രൂപ ബാങ്കിലടച്ചു വായ്പ ഏറ്റെടുക്കാൻ ഇയാൾ ഇടനിലക്കാരനായി നിന്നു. പണം ബാങ്കിൽ അടച്ചശേഷം ആധാരം കൈക്കലാക്കി അയ്യന്തോൾ ബാങ്കിലേക്കു കൊണ്ടുപോയി.

പുല്ലഴിയിലെ വിലാസത്തിൽ ഉണ്ണിക്കൃഷ്ണനെക്കൊണ്ട് അയ്യന്തോൾ ബാങ്കിൽ അംഗത്വമെടുപ്പിച്ചു. ഉണ്ണിക്കൃഷ്ണന്റെ ആധാരം ഈടു വച്ച് 13 ലക്ഷം രൂപ വായ്പ പാസാക്കി. ഈ തുക ജില്ലാ സഹകരണ ബാങ്കിലൂടെ തൃശൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കു മാറ്റി. ഉണ്ണിക്കൃഷ്ണന്റെ പാസ്ബുക്കും ഒപ്പിട്ട ചെക്ക് ലീഫുകളും സതീഷ് കുമാർ വാങ്ങിയെടുത്ത ശേഷം 12.50 ലക്ഷം രൂപ പിൻവലിച്ചു. ഇതിൽ 50,000 രൂപ മാത്രമാണ് ഉണ്ണിക്കൃഷ്ണനു ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.

എന്നാൽ, വായ്പാ മാഫിയയുടെ ഭീഷണി മൂലം ആകെ 18 ലക്ഷം രൂപ തങ്ങൾക്കു ബാങ്കിൽ അടച്ചു വായ്പ ക്ലോസ് ചെയ്യേണ്ടിവന്നെന്നും പരാതിയിൽ പറയുന്നു. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റിനു പുറമേ അയ്യന്തോൾ ബാങ്ക് മുൻ പ്രസിഡന്റ്, ഇവരുടെ സഹായിയായ പുല്ലഴി സ്വദേശി എന്നിവർക്കുമെതിരെയാണു പരാതി. സതീഷും കൂട്ടുപ്രതികളും ചേർന്നു തന്നെയും കുടുംബത്തെയും ചതിച്ചെന്നും തട്ടിപ്പ് അടിയന്തരമായി അന്വേഷിച്ചു നടപടി ഉറപ്പാക്കണമെന്നും അനിൽകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.

തട്ടിച്ചെടുത്ത പണം പലിശക്കാർ കൊണ്ടുപോയെന്ന് ജിൽസ് 

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു തട്ടിച്ചെടുത്ത കോടികൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നഷ്ടപ്പെട്ടെന്നാണ് ഇന്നലെ അറസ്റ്റിലായ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിന്റെ വാദം. ക്രൈംബ്രാഞ്ചിനു മുന്നിലും പിന്നീട് ഇ.ഡിക്കു മുന്നിലും ജിൽസ് ചോദ്യം ചെയ്യലിൽ ആവർത്തിക്കുന്നത് ഒരേ വാദമാണ്. തട്ടിച്ചെടുത്ത പണമുപയോഗിച്ച് ഇടുക്കി ജില്ലയിലടക്കം പലയിടത്തും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി. ഹോട്ടലുകളും റിസോർട്ടുകളും നടത്താൻ വലിയ നിക്ഷേപങ്ങൾ നടത്തി.

സൂപ്പർമാർക്കറ്റ്, കൺസ്ട്രക്‌ഷൻ കമ്പനി തുടങ്ങിവയ്ക്കായും പണം നിക്ഷേപിച്ചു. എന്നാൽ, ഇതിൽ പലതും അതിവേഗം പൊളിഞ്ഞതോടെ കോടികളുടെ നഷ്ടമുണ്ടായി. പിടിച്ചുനിൽക്കാൻ കൊള്ളപ്പലിശക്കാരിൽ നിന്നു വൻതുക കടമെടുക്കേണ്ടിവന്നു. ഈ കടം പെരുകിയതോടെ 14 കോടി രൂപയോളം പലിശക്കാർക്കു മാത്രമായി കൊടുത്തുതീർക്കേണ്ടിവന്നു. പിന്നെയും കടം ബാക്കിയായപ്പോൾ വ്യാജരേഖ ചമച്ചു ബാങ്കിൽ നിന്നു വായ്പകൾ പാസാക്കി മറിച്ചെന്നും ജിൽസ് വെളിപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com