അധ്യാപകർ ചേരിതിരിഞ്ഞു: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

Mail This Article
തൃശൂർ ∙ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലിനെതിരെ അധ്യാപികമാർ സമർപ്പിച്ച പരാതിയിൽ ഹയർ സെക്കൻഡറി വിഭാഗം ഉപമേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. റീജനൽ ഡപ്യൂട്ടി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശം നൽകിയത്. തൃശൂർ പാടൂർ എഐ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികമാരായ പി.എം.സബൂറ, ഇ.വി. നൗഷിയ എന്നിവർ നൽകിയ പരാതി അന്വേഷിക്കാനാണ് ഉത്തരവ്.
പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന സജ്ന ഹുസൈനെതിരെയാണു പരാതി. സ്കൂളിലെ മുൻ പ്രിൻസിപ്പൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസിൽ പിരിച്ചുവിട്ടതോടെയാണ് അധ്യാപകർക്ക് ഇടയിൽ ചേരിതിരിവുണ്ടായ തെന്ന് റീജനൽ ഡപ്യൂട്ടി ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്ന സജ്ന ഹുസൈൻ ചില രേഖകൾ പൊലീസിനും ആർഡിഡി ഓഫിസിനും കൈമാറി. ഇതിൽ അധ്യാപകർക്കിടയിൽ സംശയങ്ങളും തെറ്റിദ്ധാരണ കളുമുണ്ടായി. അനാവശ്യഭയമാണ് പരാതിക്കു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണു പരാതിക്കാരായ അധ്യാപകരെ നേരിൽ കേട്ട് അന്വേഷണം നടത്താൻ കമ്മിഷൻ ഉത്തരവായത്. കേസ് ഒക്ടോബർ 17 നു പരിഗണിക്കും.