കുട്ടികളുടെ സുരക്ഷയാണ് അശോകേട്ടന്റെ ജീവൻ
Mail This Article
കയ്പമംഗലം∙ പോട്ട – മൂന്നുപീടിക സംസ്ഥാന പാതയിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് മുൻ കെഎസ്ആർടിസി ജീവനക്കാരൻ. എടതിരിഞ്ഞി പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ ഒന്നിടവിടാതെ ചീറിപ്പായുന്ന വാഹനങ്ങളെ സൗമ്യതയോടെ കൈ കാണിച്ചു നിർത്തി റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന വിദ്യാർഥികൾക്ക് അശോകേട്ടൻ വഴിയൊരുക്കാൻ തുടങ്ങിയിട്ട് 2 വർഷം പിന്നിട്ടു. സ്കൂൾ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 10 വരെ സ്റ്റോപ്പ് ബോർഡ് കൈയ്യിലേന്തി കൂനാക്കംപ്പിള്ളി അശോകൻ (68) എന്ന റിട്ട. കെഎസ്ആർടിസി വെഹിക്കിൾ സൂപ്പർവൈസർ പോസ്റ്റ് ഓഫിസ് ജംക്‌ഷനിലുണ്ടാകും. 2022 ജൂൺ 6 മുതൽ ഏറ്റെടുത്ത ഈ ചുമതലയിൽ ഇന്നേവരെ വീഴ്ച പറ്റിയിട്ടില്ല.
എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് റോഡ് മുറിച്ചു കടന്നു പോകാനാണ് ജംക്‌ഷനിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്. കൈലിമുണ്ടും ഷർട്ടും ധരിച്ചാണ് ആദ്യം ട്രാഫിക് നിയന്ത്രണം ആരംഭിച്ചത്. കണ്ടു നിന്ന ചിലർക്ക് കൗതുകമായി മറ്റു ചിലർ അഭിനന്ദിച്ചു. സേവനം ഒരു വർഷം പിന്നിട്ടപ്പോൾ വഴി യാത്രികരിൽ ചിലർ റിഫ്ലക്ടർ പതിപ്പിച്ച കോട്ടുകൾ നൽകി. മൂന്നു പീടികയിൽ പ്രവർത്തിക്കുന്ന ഫ്ലക്സ് ബോർഡ് സ്ഥാപന ഉടമ വാഹനങ്ങൾക്ക് നേരെ ചൂണ്ടാൻ സ്റ്റോപ്പ് ബോർഡ് നൽകി.
മഴയും വെയിലും കൂസാതെ തങ്ങൾക്ക് സുരക്ഷിതമായ വഴിയൊരുക്കുന്ന അശോകേട്ടന് സമ്മാനമായി എച്ച്ഡിപി സ്കൂളില വിദ്യാർഥികൾ തലക്കുടയും നൽകി. നാട്ടുകാരുടേയും വിദ്യാർഥികളുടെ രക്ഷിതാക്കളുടേയും പൂർണ പിന്തുണ അശോകനുണ്ട്. പതിവായി ഈ റോഡിലൂടെ കടന്നg പോകുന്ന വാഹന യാത്രികർ ദൂരെ നിന്ന് കണ്ടാൽ വേഗത കുറയ്ക്കാൻ മടിക്കാറില്ലെന്നും ഒന്ന് പുഞ്ചിരിച്ചോ കൈ വീശി കുശലമറിയിച്ചോ മാത്രമേ കടന്നു പോകാറുള്ളൂ എന്നും അശോകൻ പറയുന്നു.
കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച അശോകൻ 2011ൽ ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് വെഹിക്കൾ സൂപ്പർ വൈസറായിരിക്കെയാണ് റിട്ടയർ ചെയ്തത്. പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായതോടെ സ്വയം ഏറ്റെടുത്തതാണ് ഈ ആശയം. ഇന്ദിരയാണ് ഭാര്യ മകൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൂനാക്കംപ്പിള്ളി രാജേഷ് അച്ഛന്റെ പ്രവർത്തനങ്ങൾക്ക് എന്നും കൂടെയുണ്ട്.