പാമ്പും പെരുച്ചാഴിയും അങ്കണവാടിയിൽ, ഒരു വാതിൽ വച്ചാൽ നന്നായിരുന്നു..!

Mail This Article
പുന്നയൂർക്കുളം ∙ പാമ്പ്, പെരുച്ചാഴി, എലി, നരിച്ചീറ് ഇത്യാദികളെക്കൊണ്ട് പൊറുതിമുട്ടി ഒരു അങ്കണവാടി. പൊട്ടിപ്പൊളിഞ്ഞ വാതിലുകൾ മാറ്റി അടച്ചുറപ്പുള്ളത് വച്ചാൽ പ്രശ്‌നം തീരും. പക്ഷേ അതിനും സമയമെടുക്കു മെന്നാണ് പഞ്ചായത്തിന്റെ ന്യായം. അത്യാവശ്യമെങ്കിൽ എലിക്കെണി വച്ചോളൂ എന്ന ഉപദേശവും. അണ്ടത്തോട് അഞ്ചാം നമ്പർ അങ്കണവാടിക്കാണ് ഈ ഗതികേട്. പഞ്ചായത്തിനോടുള്ള പ്രതിഷേധം കാരണം ബൂത്ത് ലെവൽ ഓഫിസറുടെ ജോലി ചെയ്യില്ലെന്ന നിലപാടിലാണ് അധ്യാപികയായ എ.വിനു.
12 വർഷം മുൻപ് 3.50 ലക്ഷം രൂപ ചെലവിട്ടാണ് അങ്കണവാടി പണിതത്. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മുന്നിലെയും പിന്നിലെയും വാതിൽ തകർന്ന നിലയിലാണ്. കഴിഞ്ഞദിവസവും അങ്കണവാടിയിൽ പമ്പിനെ കണ്ടതായി രക്ഷിതാക്കളും പറയുന്നു. കുട്ടികൾക്കുള്ള ഭക്ഷണ സാധനങ്ങളിലും മറ്റും പെരുച്ചാഴി കാഷ്ഠിക്കുന്നതിനാൽ പേടിയാണെന്ന് ടീച്ചർ പറയുന്നു. ചുറ്റുമതിൽ ഒരു വശം തകർന്നുവീണു.
ഗേറ്റ് ഇല്ല. ശുദ്ധജല വിതരണത്തിനു ടാപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും കാലമായിട്ടും ഒരു തുള്ളി വെള്ളം വന്നിട്ടില്ല. അടുത്ത വീടുകളിൽനിന്നാണ് ഭക്ഷണം പാകം ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം കൊണ്ടുവരുന്നത്. പഞ്ചായത്തിലും ഗ്രാമസഭകളിലും പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് അധ്യാപിക പറയുന്നു. വിവിധ അങ്കണവാടികളുടെ അറ്റകുറ്റപ്പണിക്ക് 3 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ടെങ്കിലും ഇവിടെ വിനിയോഗിച്ചിട്ടില്ല.