ADVERTISEMENT

തൃശൂർ ∙ അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകൾ നടത്താൻ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് ഉദ്യോഗസ്ഥർ‌ക്കു മുഖ്യമന്ത്രിയുടെ നിർദേശം. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മുറിയിലായിരുന്നു അവലോകനം.  പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടാവുകയെന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

ജലജീവൻ മിഷൻ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിനു നല്ല രീതിയിലുള്ള ഇടപെടൽ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം. മാലിന്യ സംസ്കരണ രംഗത്തു കൂടുതൽ ശക്തമായ ഇടപെടൽ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്.  നല്ല വെള്ളമെന്നു കരുതി നാം കുടിക്കുന്ന കിണർ വെള്ളത്തിൽ പോലും മനുഷ്യ വിസർജ്യത്തിന്റെ അംശങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിൽ അവ പരിശോധിച്ചു ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനു മികച്ച സംവിധാനങ്ങൾ ഉണ്ടാകണം. എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇത്തരം ലാബുകൾ സ്ഥാപിക്കുന്നതിനു കൂടുതൽ ശ്രമങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തീരദേശ ഹൈവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുന്ന സ്ഥിതിയുണ്ടാവണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. 

രണ്ടു സെഷനുകളിലായി നടന്ന മേഖലാതല അവലോകനത്തിൽ രാവിലെ സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ഉച്ചകഴിഞ്ഞ് മൂന്ന് ജില്ലകളിലെ ക്രമസമാധാന സ്ഥിതി അവലോകനം നടത്തുകയും ചെയ്തു.  മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ്, ജി.ആർ.അനിൽ, എം.ബി.രാജേഷ്, പി.പ്രസാദ്, വി.ശിവൻകുട്ടി, ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി വി.വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കലക്ടർമാർ, ഡപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com