ADVERTISEMENT

കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ  ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായ പരാതിയിൽ വഴിത്തിരിവ്. 60 പവൻ സ്വർണം ബന്ധുവിന്റെ വീട്ടിൽ നിന്നു ലഭിച്ചതായി പരാതിക്കാരി എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിത പൊലീസിനെ അറിയിച്ചു. ബാങ്ക് ശാഖയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും 60 പവൻ തൂക്കമുള്ള ആഭരണം നഷ്ടപ്പെട്ടെന്നു 21നാണ് സുനിത പരാതി നൽകിയത്. തന്റെയും അമ്മ സാവിത്രിയുടെയും പേരിലുള്ള സേഫ് ഡിപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 110 പവൻ സ്വർണാഭരണത്തിൽ നിന്നു 60 പവൻ കാണാനില്ലെന്നായിരുന്നു പരാതി. 

ബെംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്ന സുനിത നാട്ടിലെത്തി 21ന് രാവിലെ ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു പരാതി. ഇതോടെ ബാങ്ക് ഇടപാടുകാർ വലിയ ആശങ്കയിലായി. ലോക്കറിലെ സ്വർണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്നു വ്യക്തമാക്കിയ ബാങ്ക് മാനേജർ അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. സ്വർണം ബാങ്കിൽ നിന്നു നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ പൊലീസിനു സൂചന ലഭിച്ചു. പരാതിക്കാരിയുടെയും അമ്മയുടെയും മൊഴി രണ്ടു തവണ പൊലീസ് രേഖപ്പെടുത്തി. ഇൗ വിവരങ്ങളും ബാങ്കിൽ നിന്നു ലഭിച്ച രേഖകളും പരിശോധിച്ചപ്പോഴാണ് കേസിൽ വ്യക്തത വന്നത്. 

വിവിധ ബാങ്കുകളിൽ പണമിടപാട് നടത്താറുള്ള കുടുംബത്തിനു തെറ്റു പറ്റിയതാകാമെന്നും  സ്വർണം മറന്നു വച്ചതാകാമെന്നുമായിരുന്നു പൊലീസീന്റെ നിഗമനം. ഇന്നലെയാണ് സുനിതയുടെ വലപ്പാടുള്ള ഇളയമ്മയുടെ  വീട്ടിൽ നിന്നു സ്വർണം കണ്ടെത്തിയത്. വിവരം ഉടൻ പൊലീസിനെ അറിയിച്ചു. വസ്തുവിന്റെ ആധാരത്തോടൊപ്പം സ്വർണവും മറന്നു വച്ചിരിക്കുകയായിരുന്നു. ആധാരം എടുക്കാൻ എത്തിയപ്പോഴാണ് കവറിൽ സ്വർണവും കണ്ടെത്തിയത്. 2023 ഫെബ്രുവരി 3ന് ലോക്കർ തുറന്നു എന്നായിരുന്നു സുനിത ആദ്യം പൊലീസിൽ മൊഴി നൽകിയത്. 2022ൽ ഒക്ടോബർ 19 ന് ബന്ധുവിന്റെ വിവാഹത്തിനു വേണ്ടി നാട്ടിലെത്തിയപ്പോൾ സുനിത അര മണിക്കൂറിനിടെ രണ്ടു തവണ ലോക്കർ തുറന്നിരുന്നു. ഇതാണു ബാങ്കിൽ നിന്നു  സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നു പൊലീസ് ഉറപ്പിക്കാൻ കാരണം.

കേസുമായി മുന്നോട്ട് പോകും: കൊടുങ്ങല്ലൂർ ടൗൺ ബാങ്ക്

കൊടുങ്ങല്ലൂർ ∙ ബാങ്ക് ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് പരാതിക്കാരി പറയുന്ന കാര്യങ്ങളിൽ  സംശയമുള്ളതായി ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്കിനു അപകീർത്തികരമായ പരാതി നൽകിയതിൽ ഇവർക്കെതിരെ കേസുമായി മുന്നോട്ടു പോകുമെന്നു ബാങ്ക് ജനറൽ മാനേജർ പറഞ്ഞു. സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലുമാണ് ഉണ്ടാകുക. രണ്ടു താക്കോലുകളും ഉപയോഗിച്ചു മാത്രമേ ലോക്കർ തുറക്കാനാകുകയുള്ളു. 

102 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക് നിക്ഷേപത്തിലും വായ്പയിലും സുതാര്യത പുലർത്തുന്ന ബാങ്കുകളിലൊന്നാണ്. റിസർവ് ബാങ്കിന്റെ ലൈസൻസ് ഉള്ളതു കൊണ്ടു ബാങ്കിന്റെ എല്ലാ ഇടപാടുകളും സുരക്ഷിതമാണ്. കൂടാതെ ഇടപാടുകാരുടെ നിക്ഷേപങ്ങൾക്കു ദേശസാൽകൃത കൊമേഴ്സ്യൽ ബാങ്കുകളുടെതു പോലെ ഇൻഷുറൻസ് പരിരക്ഷയും ബാങ്ക നൽകുന്നുണ്ട്. ബാങ്കിനെ തകർക്കണമെന്ന ഗൂഢ ലക്ഷ്യം വച്ചു കൊണ്ടു ബാങ്കിനെ പൊതുജനങ്ങളുടെ മുൻപിൽ ഇകഴ്ത്തി കാണിക്കുന്നതിനു വേണ്ടിയാണ് കുപ്രചരണങ്ങൾ നടത്തിയതെന്നു ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT