60 കിലോമീറ്റർ കൊടുംകാട്ടിലൂടെയുള്ള യാത്ര; അഞ്ചാം വര്ഷവും ‘ഒറ്റയാന്റെ’ വിജയയാത്ര
Mail This Article
ചാലക്കുടി∙ ടൗണിൽ നിന്ന് അതിരപ്പിള്ളി മലക്കപ്പാറ വനപാതയിലൂടെ വിജയകരമായ യാത്രയുടെ അഞ്ചാം വാർഷികത്തിലാണ് ഒറ്റയാൻ. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ബസാണ് ഒറ്റയാൻ എന്ന പേരിൽ ആയിരക്കണക്കിന് വിനോദയാത്രികർ ദിവസവും എത്തുന്ന അതിരപ്പിള്ളി വഴി പതിവായി സഞ്ചരിക്കുന്നത്. വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളും നിത്യഹരിത വനമേഖലയുടെ പച്ചപ്പും മനോഹാരിത ചാർത്തുന്ന വഴികളിൽ ഈ ഒറ്റയാന് ആരാധകരേറെയാണ്.
ഇന്നലെ വാർഷികം പ്രമാണിച്ചു ചാലക്കുടി പാസഞ്ചേഴ്സ് ഫോറം കെഎസ്ആർടിസിയുടെ ഈ ബസിന് ഒറ്റയാൻ എന്ന പേരിട്ടു സ്റ്റിക്കറും അലങ്കാരങ്ങളും ചാർത്തി. മലക്കപ്പാറയിലെ വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർക്ക് വൈകിട്ട് ചാലക്കുടിക്കു മടങ്ങാൻ മാർഗമില്ലെന്ന് അറിയിച്ചപ്പോൾ കെഎസ്ആർടിസി പരീക്ഷണ അടിസ്ഥാനത്തിൽ 2018 സെപ്റ്റംബർ 30ന് ആരംഭിച്ചതാണ് ഈ സർവീസ്. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ആന,മാൻ, കാട്ടുപോത്ത്,തുടങ്ങിയവയെയും കാണാൻ മിക്കവാറും ഈ ബസിലെ യാത്രികർക്ക് സാധിക്കാറുണ്ട്.
അതിരപ്പിള്ളിയും വാഴച്ചാലും ചാർപ്പയും ആസ്വദിച്ച് പോക്കറ്റ് കാലിയാവാതെ ഒറ്റ ദിവസം കൊണ്ടൊരു വിനോദയാത്ര തരപ്പെടുമെന്നതാണു മറ്റൊരു നേട്ടം. 60 കിലോമീറ്റർ കൊടുംകാട്ടിലൂടെയുള്ള യാത്രയാണ്. കാട്ടിലെ രാത്രി യാത്രയ്ക്കും ഈ ബസിൽ സൗകര്യമുണ്ട്. 12.50ന് ചാലക്കുടിയിൽ നിന്ന് പുറപ്പെട്ട് 4.40 ന് മലക്കപ്പാറയിൽ എത്തും. തിരികെ 5.10 ന് പുറപ്പെട്ട് രാത്രി 8.50 നു ചാലക്കുടിയിൽ എത്തുന്ന രീതിയിലാണു സമയം ക്രമീകരിണം. ബസിന്റെ വിജയകരമായ അഞ്ചാം വാർഷികം ‘ഒറ്റയാന്റെ’ ആരാധകർ കെഎസ്ആർടിസി ഡിപ്പോയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ കെ.എസ്. ഹരി,അസി.ഡിപ്പോ എൻജിനീയർ റഷീദ്, പാസഞ്ചർ ഫോറം പ്രസിഡന്റ് സുധീപ് മംഗലശേരി, സെക്രട്ടറി കെ.ബി.ദിലീപ്, ട്രഷറർ അനന്ദു, പി.എം. വിപിൻ, കെ.എ. അഭിജിത് എന്നിവർ പ്രസംഗിച്ചു. മലക്കപ്പാറയിൽ പാസഞ്ചേഴ്സ് ഫോറം പായസ വിതരണവും നടത്തി.