കടലിലേക്ക് നടക്കാം, കാഴ്ചകൾ കാണാം... സഞ്ചാരികളെ കാത്ത് ഫ്ലോട്ടിങ് ബ്രിജ്

Mail This Article
ചാവക്കാട്∙ കടലിലേക്ക് നടക്കാം. കാഴ്ചകൾ കാണാം. ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് ഇന്ന് നാടിന് സമർപ്പിക്കും. ജില്ലയിലെ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന മനോഹര തീരത്ത് നിർമിച്ച ഫ്ലോട്ടിങ് ബ്രിജ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യുമെന്ന് എൻ.കെ.അക്ബർ എംഎൽഎ, നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ഡിടിപിസി സെക്രട്ടറി ഡോ.ജോബി ജോർജ്, നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് എന്നിവർ അറിയിച്ചു. എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.
നൂറു മീറ്റർ നീളത്തിലാണ് ബ്രിജ് നിർമിച്ചത്. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജാണ് ബ്ലാങ്ങാട് ബീച്ചിൽ ഒരുങ്ങിയത്. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് ആദ്യമായി ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചത്. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തുന്ന ബ്ലാങ്ങാട് ബീച്ചിനെ എംഎൽഎയുടെ ആവശ്യപ്രകാരം പരിഗണിച്ചത്.