എൻജിൻ നിലച്ച് ബോട്ട് കടലിൽ കുടുങ്ങി; 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Mail This Article
കൊടുങ്ങല്ലൂർ ∙ മീൻ പിടിക്കുന്നതിനിടെ എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ ബോട്ടും 10 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. മുനമ്പം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ കൊല്ലം സ്വദേശി കുഞ്ഞുമോൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഞ്ജലി എന്ന ബോട്ടും മത്സ്യ ത്തൊഴിലാളികളെയുമാണു കനത്ത മഴയും കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
വഞ്ചിപ്പുര കടപ്പുറത്ത് നിന്നു 10 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ ആണ് എൻജിൻ നിലച്ച് ബോട്ട് കുടുങ്ങിയത്. നാലിനാണ് വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ അറിയുന്നത്. ഉടൻ തന്നെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.എഫ്. പോൾസന്റെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ ഇ.ആർ. ഷിനിൽ കുമാർ, വി.എൻ. പ്രശാന്ത് കുമാർ, വി.എം.ഷൈബു,റസ്‌ക്യൂ ഗാർഡ് പ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം,എൻജിൻ ഡ്രൈവർ ജോൺസൺ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.