ADVERTISEMENT

തൃശൂർ ∙ സഹകരണ മേഖ‌ലയെ തകർക്കാനാണ് മറ്റുള്ളവരുടെ ശ്രമമെന്ന് രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി, സിപിഎം ഭരിക്കുന്ന മേലൂർ പഞ്ചായത്ത് ഭരണ സമിതിയും സിപിഎം നിയന്ത്രണത്തിലുള്ള മേലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡും തമ്മിലുള്ള ശീതസമരം.

പഞ്ചായത്ത് ഭരണസമിതി സഹകരണ ബാങ്കിൽ നിന്നു പിൻവലിച്ച ഒരു കോടി രൂപ തിരിച്ച് ബാങ്കിൽ തന്നെ നിക്ഷേപിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി വരെ നിർദേശിച്ചിട്ടും ഭരണസമിതി ഇതുവരെ അനുസരിച്ചിട്ടില്ല. വലിയ നിക്ഷേപം പിൻവലിക്കപ്പെട്ടതോടെ ബാങ്ക് ഡയറക്ടർ ബോർഡും ആശങ്കയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ. കഴിഞ്ഞ മാർച്ച് 31ന് ആണ് മേലൂർ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിന്റെ തനത് ഫണ്ട് ഒരു കോടി രൂപ സർവീസ് സഹകരണ ബാങ്കിൽ നിന്നു പിൻവലിച്ചത്. 

പഞ്ചായത്ത് ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും പാരിതോഷികം നൽകുന്നതിനു വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ബാങ്ക് ഡയറക്ടർ ബോർഡ് തള്ളിയതിനു പിന്നാലെയാണ് തുക പിൻവലിച്ചതെന്നാണു സൂചന. അടിയന്തരയോഗം ഓൺലൈൻ ആയി വിളിച്ചുകൂട്ടിയാണ് തുക പിൻവലിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. 

മേയ് മാസത്തിൽ നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയാവുകയും തുക എത്രയും പെട്ടെന്ന് തിരിച്ച് ബാങ്കിൽ നിക്ഷേപിക്കുന്നതിന് ലോക്കൽ കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തു. ഈ തീരുമാനം നടപ്പാവാഞ്ഞതിനെത്തുടർന്ന് ഓഗസ്റ്റിൽ ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ചാലക്കുടിയിൽ വിളിച്ചുചേർത്ത ഏരിയ കമ്മിറ്റി യോഗവും തുക തിരിച്ചടയ്ക്കാനും തുക പിൻവലിക്കാൻ തീരുമാനമെടുത്തവർക്കെതിരെ നടപടിയും ശുപാർശ ചെയ്തു.

ഓഗസ്റ്റ് 15ന് മേലൂർ പഞ്ചായത്തിലെ സിപിഎമ്മിന്റെ രണ്ട് ലോക്കൽ കമ്മിറ്റിയെയും വിളിച്ചുചേർത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്തു. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com