പതിയിരുന്ന് അപകടം; കൃഷ്ണൻകോട്ട കടവിൽ ആശങ്ക

Mail This Article
മാള ∙ കൃഷ്ണൻകോട്ട കടവി റോഡ് പുഴയിലേക്ക് തുറന്നു കിടക്കുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പൊയ്യ പഞ്ചായത്തിനും പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്കും നൽകിയ പരാതിയിലാണ് വർഷം ഒന്ന് പിന്നിടുമ്പോഴും നടപടിയില്ലാത്തത്.
പാലം വരുന്നതിനു മുൻപ് ഇവിടെ നിന്നാണ് ബോട്ട് സർവീസ് ഉണ്ടായിരുന്നത്. പൊതുമരാമത്ത് വകുപ്പ് മാള സെക്‌ഷൻ ഓഫിസിന്റെ അധികാര പരിധിയിൽ വരുന്ന റോഡിന്റെ അതിർത്തിയായിരുന്നു ഈ കടവ്. പിന്നീട് പാലത്തിലേയ്ക്കുള്ള റോഡ് വന്നതോടെ പൊതുമരാമത്ത് റോഡിന്റെ അതിർത്തി പാലം വരെയായി മാറി. ഇതിനാൽ കടവിലേയ്ക്ക് പോകുന്ന നൂറ് മീറ്ററോളം വരുന്ന റോഡ് പഞ്ചായത്തിന് കൈമാറിയതായി പൊതുമരാമത്ത് അധികൃതർ പറയുന്നു.
പുഴക്കടവിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന് സൂചനാ ബോർഡും സംരക്ഷണഭിത്തിയും സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നാണ് വിഷയത്തിൽ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയ പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് പറയുന്നത്.