സാഹസിക വിനോദയാത്രയ്ക്കായി കൂടുതൽ പദ്ധതികൾ: മന്ത്രി റിയാസ്
Mail This Article
ചാവക്കാട്∙ സാഹസിക വിനോദ യാത്രയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹസിക വിനോദയാത്രയെ പുതു തലമുറ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ 52 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് കൊച്ചു കേരളമാണെന്ന് വിദേശ മാഗസിൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ടൂറിസം രംഗത്തെ മികവിന് കേന്ദ്ര സർക്കാരിന്റെ 2 പുരസ്കാരങ്ങൾ അടുത്തിടെ കേരളത്തിന് ലഭിച്ചത് നമ്മുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷരായ ഷീജ പ്രശാന്ത്, എം.കൃഷ്ണദാസ്, വൈസ് ചെയർമാൻ കെ.കെ.മുബാറക്, ഡിടിപിസി സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്യുന്നത് കാണാനായി എത്തിയത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനസാഗരം. അവധി ദിവസമായതിനാൽ ബീച്ചിൽ തിരക്ക് ഉണ്ടാവാറുണ്ടെങ്കിലും ബ്രിജ് കാണാനാണ് ഇന്നലെ ജനക്കൂട്ടം തീരത്തെത്തിയത്. പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചാണ് ആയിരങ്ങൾ കടപ്പുറത്ത് വന്നത്.
ബഹിഷ്കരിച്ച് യുഡിഎഫ്
ചാവക്കാട് ∙ ഡിഎംസി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചാവക്കാട് ഫ്ലോട്ടിങ് ബ്രിജിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നു ടി.എൻ.പ്രതാപൻ എംപിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. രാഷ്ട്രീയം കളിക്കുന്ന എംഎൽഎയുടെ നടപടിയിൽ യുഡിഎഫ് പ്രതിഷേധിച്ചു. സർക്കാർ പരിപാടികളെ രാഷ്ട്രീയ പരിപാടികളാക്കി മാറ്റുന്ന എംഎൽഎ പാർട്ടി സെക്രട്ടറിയായി മാറിയെന്ന് നേതാക്കളായ സി.എച്ച്.റഷീദ്, അരവിന്ദൻ പല്ലത്ത്, ആർ.വി.അബ്ദുറഹീം, കെ.വി.ഷാനവാസ്, കെ.നവാസ്, കെ.വി.സത്താർ എന്നിവർ പറഞ്ഞു.