പുലർച്ചെയെത്തിയ ആ വാർത്ത കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെന്ററിനെ സ്തംഭിപ്പിച്ചു; മരണത്തിലും അവർ ഒരുമിച്ച്

Mail This Article
കൊടുങ്ങല്ലൂർ ∙ പുലർച്ചെയെത്തിയ ദുരന്തവാർത്ത കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെന്ററിനെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു. രണ്ടുമണിക്കാണ് എ.ആർ. മെഡിക്കൽ സെന്റർ സീനിയർ മാനേജർ അശോക് രവിക്കു വടക്കേക്കര പൊലീസ് സ്റ്റേഷനിൽ നിന്നു ഫോൺ സന്ദേശമെത്തുന്നത്. ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിക്കു സമീപം പൊതുമരാമത്ത് റോഡ് അവസാനിക്കുന്നിടത്തു കാർ പുഴയിലേക്ക് മറിഞ്ഞു അപകടം സംഭവിച്ചിട്ടുണ്ട്. എ.ആർ. മെഡിക്കൽസിലെ ഡോക്ടർമാരാണ് എന്നു സൂചന ലഭിച്ചിട്ടുണ്ട്.
ഉടൻ സംഭവ സ്ഥലത്തേക്കു വരണം. ഡ്യൂട്ടി മാനേജരെയും മറ്റൊരാളെയും കൂട്ടി അശോക് രവി സ്ഥലത്തേക്കു എത്തിയപ്പോഴാണ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്നു ഉറപ്പായത്. പുഴയിൽ വീണു മരിച്ച മതിലകം പാമ്പിനേഴത്ത് അജ്മലും കൊല്ലം തട്ടാമല പാലത്തറ തുണ്ടിൽ ആദ്വൈതും മാസങ്ങൾക്കു മുൻപാണ് ക്രാഫ്റ്റ് ആശുപത്രിയിൽ എമർജൻസി വിഭാഗം ഡോക്ടർമാരായി ചുമതലയേറ്റത്. അദ്വൈത് ആയിരുന്നു ആദ്യം എ.ആർ. മെഡിക്കൽ സെന്ററിൽ ജോലിയിൽ പ്രവേശിച്ചത്. പിറകെ അജ്മലിനെയും കൂടെ കൂട്ടുകയായിരുന്നു.
അപകടത്തിൽ രക്ഷപ്പെട്ട എറിയാട് അബ്ദുല്ല റോഡ് സ്വദേശി ഡോ. ഖാസിക് തബ്സീർ, മെയിൽ നഴ്സ് കോട്ടയം സ്വദേശി ജിസ്മോൻ ( 21) മെഡിക്കൽ വിദ്യാർഥിനി തമന്ന എന്നിവരെ എ.ആർ. മെഡിക്കൽ സെന്ററിലേക്ക് ആണ് എത്തിച്ചത്. ഇവരിൽ നിന്നു അപകടത്തിന്റെ മുഴുവൻ വിവരങ്ങളും അറിഞ്ഞതോടെ ഏവരും നിശബ്ദരമായി. അപകട സ്ഥലത്തു നിന്നു മൃതദേഹം എ.ആർ. മെഡിക്കൽ സെന്ററിലേക്കാണ് എത്തിച്ചത്.
ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനു പുറത്തേക്കു കൊണ്ടുപോകുമ്പോഴും സഹപ്രവർത്തകർ കൂട്ടക്കരച്ചിൽ ആയി. കൊച്ചിയിൽ അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിനാണ് ഇവർ ഒത്തു ചേർന്നത്. കൊച്ചിയിൽ നിന്നു മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. പാലക്കാട് കരുണ കോളജിൽ അദ്വൈതും അജ്മലും ഒരുമിച്ചായിരുന്നു പഠിച്ചത്. ഇൗ സൗഹൃദം മരണത്തിലും ഒന്നിക്കുകയായിരുന്നു.