ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാർ ഇടനിലക്കാരനായി നിന്നു വായ്പ ഏറ്റെടുത്തു കടക്കെണിയിലാക്കിയ വീട്ടമ്മയുടെ വീടു കേരള ബാങ്കിന്റെ ജപ്തിഭീഷണിയിൽ. വെളപ്പായ തെയ്യത്തുംപറമ്പ് അമ്പഴപ്പുള്ളിൽ സിന്ധുവാണു സതീഷിന്റെ തട്ടിപ്പിനിരയായത്.

35 ലക്ഷം രൂപ വായ്പയെടുപ്പിച്ചെന്നും ഇതിൽ നിന്നു 16 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു വഞ്ചിച്ചെന്നും സിന്ധു പറയുന്നു. കടബാധ്യത പലിശ സഹിതം 75 ലക്ഷം രൂപയായി ഉയർന്നതോടെ ബുധനാഴ്ച വീടു ജപ്തി ചെയ്യുമെന്നും ഒഴിഞ്ഞുകൊടുക്കണമെന്നും കേരള ബാങ്ക് അധികൃതർ അറിയിച്ചെന്നും സിന്ധു പറഞ്ഞു. 

ഇ.ഡിയുടെ കസ്റ്റഡിയിലുള്ള പി. സതീഷ് കുമാറിന്റെ വായ്പാ ‘ടേക്ക് ഓവർ’ തട്ടിപ്പിന് ഇരയായതിനെക്കുറിച്ചു സിന്ധു വിശദീകരിക്കുന്നത‍ിങ്ങനെ: വീടു നിർമാണത്തിനായി 2014ൽ കേരളാ ബാങ്കിന്റെ മുണ്ടൂർ ശാഖയിൽ നിന്നു സിന്ധു 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീടു നിർമാണത്തിനിടെ തേക്കിന്റെ കട്ടിള ശരീരത്തിലേക്കു മറിഞ്ഞു വീണു സിന്ധുവിനു ഗുരുതര പരുക്കേറ്റു.

2 വർഷം നീണ്ട ചികിത്സയ്ക്കൊടുവിലാണ് എഴുന്നേറ്റു നടക്കാനായത്. അപകടം മൂലം തിരിച്ചടവു മുടങ്ങിയതോടെ ബാങ്ക് അധികൃതർ 19 ലക്ഷം രൂപ തിരിച്ചടച്ചു ബാധ്യത തീർക്കാൻ സമ്മർദം  ചെലുത്തി. ബാധ്യത തീർക്കാൻ സതീഷ് സഹായിക്കുമെന്ന് ഏജന്റ് വഴി അറിഞ്ഞതോടെ ഇയാളെ സമീപിച്ചു. ബാങ്കിൽ അടയ്ക്കാനുള്ള 19 ലക്ഷവും പലിശയും തന്റെ കമ്മിഷനും ഉൾപ്പെടെയുള്ള തുക മറ്റൊരു ബാങ്കിൽ നിന്നു വായ്പയെടുത്തു കടം തീർക്കാൻ സഹായിക്കാമെന്നു സതീഷ് ഇവരെ അറിയിച്ചു. ഇതോടെ കോലഴിയിൽ സതീഷിന്റെ വീട്ടിലെത്തി രേഖകൾ ഒപ്പിട്ടു നൽകി. 

മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന കേരള ബാങ്കിന്റെ ഇൗവനിങ് കൗണ്ടറിൽ നിന്നാണു സതീഷ് വായ്പ ശരിയാക്കി നൽകിയത്.  2017 മാർച്ചിൽ ബാങ്കിൽ രേഖകൾ ഒപ്പിടാനെത്തിയപ്പോഴാണു വായ്പാത്തുക 35 ലക്ഷം രൂപയാണെന്നറിയുന്നത്. തനിക്കു 19 ലക്ഷവും സതീഷിന്റെ കമ്മിഷനും മാത്രം വായ്പയായി മതിയെന്നും വലിയ തുകയായാൽ തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും സിന്ധു അറിയിച്ചു.ഇതോടെ സതീഷ് രോഷാകുലനായി. രേഖകൾ ഒപ്പിട്ടു തരുമ്പോൾ ആലോചിക്കണമായിരുന്നെന്നും പണം വേഗം കൈപ്പറ്റണമെന്നും പറഞ്ഞു സതീഷ് ഭീഷണിപ്പെടുത്തി. കൗണ്ടറിൽ നിന്നു പണം സ്വീകരിച്ചയുടനെ മുഴുവൻ തുകയും സതീഷ് കൈക്കലാക്കി. 

കമ്മിഷൻ കിഴിച്ചുള്ള തുക തനിക്ക് അവകാശപ്പെട്ടതാണെന്നും മടക്കി നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു സതീഷിന്റെ പ്രതികരണമെന്നും സിന്ധു പറയുന്നു. ഇൗ ബാധ്യത ഇപ്പോൾ 75 ലക്ഷമായി.  വീടിന്റെ പണി പാതി വഴിയിൽ മുടങ്ങി. പ്രായമായ അച്ഛനും അമ്മയും സഹോദരിയും രണ്ടു മക്കളുമൊത്താണു സിന്ധു ഈ വീട്ടിൽ കഴിയുന്നത്. സതീഷിന്റെ തട്ടിപ്പിനെതിരെ പൊലീസിനു പരാതി നൽകാനും ജപ്തി ഒഴിവാക്കാൻ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണിവർ.

അന്വേഷണം വേണം: അനിൽ അക്കര 

മുളങ്കുന്നത്തുകാവ്∙ലോൺ ടേക്കോവറിന്റെ മറവിൽ ജില്ലയിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് കോടതിയുടെ മേൽ നോട്ടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com