ADVERTISEMENT

ഇരിങ്ങാലക്കുട∙ ജില്ലയിൽ കൃഷിവകുപ്പിന്റെ ഏക നാളികേര തൈ പരിപാലന കേന്ദ്രത്തിന് 75 വയസ്. ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേന്ദ്രം ഇരിങ്ങാലക്കുടയിൽ  പ്രവർത്തനം ആരംഭിച്ചിട്ട്  75 വർഷം പൂർത്തിയായി. ഷൺമുഖം കനാൽ സ്തംഭം റോഡിൽ  സെന്റ് ജോസഫ് കോളജിന് എതിർവശത്ത് 1948 ൽ തുടങ്ങിയ ഈ സ്ഥാപനം കേരളത്തിന്റെ നാളികേര കൃഷിക്ക്  നൽകിയ സംഭാവനകൾ ചെറുതല്ല. വിവിധ ജില്ലകളിലേക്ക് വർഷം എൺപതിനായിരത്തോളം വ്യത്യസ്ത ഇനം തെങ്ങിൻ തൈകളാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്.

ആദ്യ കാലങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള കേര കർഷകർ നേരിട്ടെത്തി തെങ്ങിൻ തൈകൾ ഇവിടെ നിന്ന് വാങ്ങിയിരുന്നു. സർക്കാരിന്റെ ‘കേരകേരളം സമൃദ്ധ കേരളം’ പദ്ധതിയിൽ വിവിധ ജില്ലകളിലെ കൃഷിഭവനുകൾ വഴി  വിതരണം ചെയ്യുന്ന തെങ്ങിൻ തൈകൾ ഇവിടെയാണ് വളർത്തി എടുക്കുന്നത്. ജില്ലയിൽ ഏറ്റവും ഗുണമേൻമയുള്ള  തേങ്ങ ലഭിക്കുന്ന ചാവക്കാട്,നാട്ടിക, അയ്യന്തോൾ മേഖലയിൽ നിന്നു ശേഖരിക്കുന്ന വിത്തു തേങ്ങകൾ ജൈവ രീതിയിൽ മുളപ്പിച്ചെടുത്ത് ഒരു വർഷം പാകമാകുമ്പോഴാണ് വിതരണം ചെയ്യുന്നത്.

ഡബ്ലിസിടി, ഡ്വാർഫ്, ഹൈബ്രീഡ് ഇനങ്ങളായ ഡി x ടി, ടിxഡി എന്നിവ വളർത്തുന്നത് ഇവിടെയാണ്. ഒരു വർഷം ശരാശരി  ഒരു ലക്ഷത്തോളം വിത്ത് തേങ്ങകൾ ഇവിടെ എത്തിച്ച് വളർത്തി എടുക്കുന്നുണ്ട്.82 ലക്ഷം രൂപയാണ്  ജില്ലാ പഞ്ചായത്ത് ഇതു വഴി സർക്കാരിലേക്ക് ഈ വർഷം അടച്ചതെന്ന് തെങ്ങിൻ തൈ പരിപാലന കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന സംസ്ഥാന അഗ്മാർക്ക് ഗ്രേഡ് ലാബ് അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ സോഫിയ എ. ജോൺ പറഞ്ഞു. 

ഡിസംബർ മുതൽ മേയ് വരെയാണ് വിത്ത് തേങ്ങകൾ എത്തിച്ച് പോളിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ  ആരംഭിക്കുന്നത്.3 ഏക്കർ ഭൂമിയിൽ നടക്കുന്ന കൃഷി പരിപാലനത്തിന് 5 തൊഴിലാളികളാണ് ഉള്ളത്. വിത്തു തേങ്ങകൾ നടുന്ന സമയത്തും വിത്ത് സംഭരണത്തിനായി കൂടുതൽ ആളെ ആവശ്യമായി വരുമ്പോൾ, കോടശേരി, നടവരമ്പ് എന്നിവിടങ്ങളിലെ വിത്തുൽപാദന കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ തൊഴിലാളികളെ എത്തിച്ചാണ് ഈ പ്രവർത്തനങ്ങൾ ചെയ്യാറുള്ളത്.

3 ഏക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക തെങ്ങിൽ തൈ പരിപാലന കേന്ദ്രത്തിന് പുറമേ കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് അംഗീകാരം നൽകുന്ന അഗ്മാർക്ക് ഗ്രേഡിങ് ലാബ്, നാളികേര കൃഷിക്കും നെൽക്കൃഷിക്കും ആവശ്യമായ മിത്ര കീടങ്ങളെ ഉദ്പാതിപ്പിക്കുന്ന പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനും കൃഷിഭവനും ഇവിടെയാണ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com