കാളകൾ കുത്തി പലർക്കും പരുക്കേറ്റു; തിരുവില്വാമലയിൽ ഭീഷണിയായി അലയുന്ന കന്നുകാലികൾ

Mail This Article
തിരുവില്വാമല∙ പഞ്ചായത്ത് പരിധിയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ നാട്ടുകാർക്കു ഭീഷണിയാകുമ്പോഴും ഇവയെ ലേലം ചെയ്യാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം നടപ്പായില്ല. കന്നുകാലികൾ നാട്ടുകാരുടെ കൃഷിക്കും ജീവനും ഭീഷണിയായതോടെ ഒരു വർഷം മുൻപാണു ലേലം ചെയ്യാൻ ഭരണസമിതി തീരുമാനിച്ചത്. ഇതോടനുബന്ധിച്ചു വിളിച്ചു ചേർത്ത സർവകക്ഷി യോഗവും പഞ്ചായത്തിന്റെ തീരുമാനത്തിന് അനുകൂലമായിരുന്നു. ഉടമസ്ഥരുള്ള കന്നുകാലികളെ പിടിച്ചുകെട്ടുമെന്നു പഞ്ചായത്ത് പലവട്ടം അറിയിച്ചെങ്കിലും ഇപ്പോഴും കാലികൾ നാട്ടിടവഴികളിലെ പതിവു കാഴ്ചയാണ്. ഇതിലേറെയും സ്വകാര്യ വ്യക്തികളുടേതാണ്. രാത്രി റോഡിൽ തമ്പടിക്കുന്ന കന്നുകാലികൾ മുലമുണ്ടായ അപകടങ്ങളേറെയാണ്.
കാളകൾ കുത്തി പലർക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയും കാളയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേൽക്കുകയുണ്ടായി. ലേലം ചെയ്തു വിൽക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ തീരാത്തതാണു നടപടി വൈകിക്കുന്നതെന്നാണറിയുന്നത്. വില്വാദ്രിനാഥ ക്ഷേത്രത്തിലേക്കു വഴിപാടു നൽകിയവയും ഇക്കൂട്ടത്തിലുണ്ടെന്ന ധാരണ വിശ്വാസികൾക്കിടയിലുണ്ട്. ക്ഷേത്രത്തിൽ ഇത്തരമൊരു വഴിപാടില്ലെന്നു വർഷങ്ങൾക്കു മുൻപ് കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കിയതാണെങ്കിലും നാട്ടുകാർക്കിടയിൽ പതിഞ്ഞു പോയ സങ്കൽപ്പം പൂർണമായി മാറിയിട്ടില്ല. ഇതിനാൽ കാളകളെ ലേലം ചെയ്തു വിൽക്കുന്നതു വിവാദമുണ്ടാക്കുമോയെന്ന ആശങ്കയും പഞ്ചായത്തിനുണ്ട്.

കാളയുടെ ആക്രമണത്തിൽ പരുക്ക്
തിരുവില്വാമല∙ അലഞ്ഞു നടക്കുന്ന കാളയുടെ കുത്തേറ്റ് ഒരലാശേരി ചോലക്കോട്ടിൽ ശിവനു (49) പരുക്കേറ്റു. നിർമാണ തൊഴിലാളിയായ ശിവൻ ബുധൻ രാത്രി ഒൻപതോടെ ചുങ്കം സെന്ററിലൂടെ നടന്നുപോകുമ്പോഴാണു കാള കുത്തി മറിച്ചിട്ടത്. മുഖത്തു സാരമായി പരുക്കേറ്റിട്ടുണ്ട്. തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രത്തിലും ചേലക്കര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.