ADVERTISEMENT

തൃശൂർ ∙ ബോഡി സ്കാനറടക്കം അത്യാധുനിക സംവിധാനങ്ങളിലൂടെ പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തിയ വിയ്യൂർ അതിസുരക്ഷാ ജയിലിലെ സെല്ലിലും മൊബൈൽ ഫോൺ! ഫോൺ ഉപയോഗിച്ചവരെന്നു കണ്ടെത്തിയ കൊല്ലം സ്വദേശി രഞ്ജിത്ത് ഉണ്ണി (കാട്ടുണ്ണി രഞ്ജിത്ത് – 35), പത്തനാപുരം സ്വദേശി ടിറ്റു ജെറോം (30) എന്നിവരെ അതിസുരക്ഷാ ജയിലിൽ നിന്നു തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ജയിൽ കലാപത്തിനു പിന്നാലെ തടവുകാരുടെ സെല്ലുകൾ അരിച്ചുപെറുക്കി പരിശോധന നടത്തിയപ്പോഴാണു രഞ്ജിത്ത‍ും ടിറ്റുവും ഉപയോഗിച്ചതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തത്. 

കനത്ത സുരക്ഷാ വീഴ്ചയായി കണക്കാക്കാവുന്ന സംഭവം ജയിൽ സൂപ്രണ്ട് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദ, രാജ്യദ്രോഹക്കേസുകളിലെ കൊടും കുറ്റവാളികളെ പാർപ്പിക്ക‍ുന്ന അതിസുരക്ഷാ ജയിലിൽ സംസ്ഥാനത്തെ മറ്റേതു ജയിലിലുമുള്ളതിനേക്കാൾ കനത്ത സുരക്ഷാ സംവിധാനമാണു നിലവിലുള്ളത്.  ബോഡി സ്കാനർ ഉപയോഗിച്ചു പരിശോധന നടത്തിയ ശേഷമേ ജീവനക്കാരെയും തടവുകാരെയും സന്ദർശകരെയും ഉള്ളിൽ കയറ്റൂ. എന്നിട്ടും പ്രതികളുടെ സെല്ലിനുള്ളിലെങ്ങനെ മൊബൈൽ ഫോൺ എത്തിയെന്നതു ദുരൂഹതയുണർത്തുന്ന ചോദ്യമായി മാറുന്നുണ്ട്.

കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെടുത്താവുന്ന മറ്റു തടവുകാരും ഫോൺ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായോ എന്നതടക്കം വിശദമായി അന്വേഷിക്കേണ്ടി വരും. വിയ്യൂർ സെൻട്രൽ ജയിലിലെ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിലാണു കൊടി സുനിയടക്കമുള്ള തടവുകാരെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയത്.സുനിക്കൊപ്പം ജയിൽ കലാപത്തിൽ പങ്കെടുത്തവരാണു രഞ്ജിത്തും ടിറ്റുവും അടക്കമുള്ളവർ. ഇവർക്കെങ്ങനെ മൊബൈൽ ഫോൺ ലഭിച്ചെന്ന് അന്വേഷിച്ചാൽ സംസ്ഥാനത്തെ ജയിലുകളിൽ പ്രവർത്തിക്കുന്ന മാഫിയ വെളിച്ചത്തായേക്കും.

വിയ്യൂർ ജയിലിലെ കലാപശ്രമം: റിപ്പോർട്ടുകൾ നൽകി
തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിനുള്ളിൽ തടവുകാർ കലാപശ്രമം നടത്തിയ സംഭവത്തിൽ മധ്യമേഖലാ ഡിഐജിയും ജയിൽ സൂപ്രണ്ടും വകുപ്പു മേധാവിക്കു റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം വകുപ്പുതല ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ ജയിൽ ഡിജിപി നടപടിയെടുക്കും. ജീവനക്കാരുടെ എണ്ണത്തിലെ കുറവു മുതലെടുത്തു തടവുകാർ സംഘം ചേർന്നു കലാപത്തിനു ശ്രമിച്ചതായും ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ നോക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണു സൂചന. 

സംഘർഷത്തിൽ പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊടി സുനിയെ ഇന്നു തിരികെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയേക്കും.  ഭക്ഷണത്തിന്റെ അളവു കുറഞ്ഞെന്ന പേരിൽ തടവുകാർ രണ്ടു സംഘമായി തിരിഞ്ഞു നടത്തിയ സംഘർഷമാണ് അതിസുരക്ഷാ ജയിലിന്റെ ഇന്നർ ഗേറ്റ് പിടിച്ചെടുക്കുന്ന തരത്തിൽ കലാപമായി വളർന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനി, കൊടുംകുറ്റവാളി രഞ്ജിത്ത് എന്നിവർ കലാപം നയിച്ചു എന്നാണു വിവരം.

ഇവരടക്കം 10 പേരെ പ്രതിയാക്കി വിയ്യൂർ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.  എന്നാൽ, കണ്ണിൽ മുളകുപൊടിയെറിഞ്ഞു തന്നെ ആക്രമിക്കുകയായിരുന്നുവെന്നും തനിക്കു ക്രൂര മർദനമേറ്റെന്നും കൊടി സുനി ഡോക്ടറെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഡിജിപിക്ക് അടക്കം പരാതി നൽകുകയും ചെയ്തു. അതേസമയം, പ്രതികൾക്കെതിരെ കർശന നടപടിക്കു ജയിൽവകുപ്പ് ഒരുക്കം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com