തൃശ്ശൂർ ജില്ലയിൽ ഇന്ന് (20-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഡോക്ടർ തസ്തിക: അപേക്ഷിക്കാം
നടത്തറ ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള ഡോക്ടർ തസ്തികയിലേക്കുള്ള അപേക്ഷകൾ 30നകം നൽകണമെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ∙ കൃഷിക്കൂട്ടാധിഷ്ഠിത ആസൂത്രണ വികസന സമീപന പദ്ധതി പ്രകാരം ഉൽപന്നങ്ങളുടെ ഉൽപാദനം, സംസ്കരണം, വിപണനം, സേവനങ്ങൾ എന്നിവയ്ക്കായി ഡീറ്റെയ്ൽഡ് പ്രോജക്ട് (ഡിപിആർ) ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. താൽപര്യമുള്ള കാർഷിക സംരംഭകർ, ഉൽപാദന സംഘങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 22നകം അപേക്ഷകൾ കൃഷിഭവനുകളിൽ സമർപ്പിക്കണമെന്ന് കൃഷി അസി. ഡയറക്ടർ അറിയിച്ചു.
ദേശവിളക്ക്
കൊണ്ടാഴി ∙ ഒന്നാംകല്ലിൽ ദേശവിളക്ക് ആഘോഷിച്ചു. അന്നദാനം, പഞ്ചവാദ്യം, തായമ്പക, കെട്ടുനിറ, അയ്യപ്പൻപാട്ട് എന്നിവ നടന്നു. തിരുവില്വാമല ∙ വേട്ടേക്കരൻ കാവിലും മഹാദേവ ക്ഷേത്രത്തിലും വിളക്ക് ആഘോഷിച്ചു. അന്നദാനം, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, തായമ്പക, അയ്യപ്പൻപാട്ട് എന്നിവ നടന്നു.
ചേലക്കര ∙ പുലാക്കോട് കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ 22നു ദേശവിളക്ക് ആഘോഷിക്കും. ദേവീ മാഹാത്മ്യ പാരായണം, അയ്യപ്പനെ കുടി വയ്പ്, കെട്ടുനിറ, അന്നദാനം, എഴുന്നള്ളിപ്പ്, തായമ്പക, അയ്യപ്പൻപാട്ട് എന്നിവയുണ്ടാകും.
കാർഷിക പ്രദർശന ശാല
പഴയന്നൂർ ∙ മണ്ണുത്തി കാർഷിക സർവകലാശാലയുടെ സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശനശാല നാളെ രാവിലെ 10.30 മുതൽ ഒരു മണി വരെ കൃഷിഭവൻ പരിസരത്ത് ഉണ്ടാകും. സർവകലാശാലയുടെ ജൈവ കീട, കുമിൾ നാശിനികൾ, വിത്തുകൾ, വളങ്ങൾ, മൂല്യ വർധിത ഉൽപന്നങ്ങൾ എന്നിവയുണ്ടാകും.
കോർപറേഷൻ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് ഇന്ന്
തൃശൂർ ∙ അമൃത് പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും കോർപറേഷൻ സെക്രട്ടറി ആർ. രാഹേഷ്കുമാറിനെ ഔദ്യോഗിക വസതിയിൽ ചെന്ന് സിപിഎം കൗൺസിലർമാർ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ചും ഇന്നു രാവിലെ 10.40ന് തെക്കേഗോപുരനടയിൽ നിന്നു കോർപറേഷൻ ഓഫിസിനു മുന്നിലേക്ക് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തും. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.
പൈതൃക ട്രെയിൻ സർവീസ് പുനരാരംഭിച്ചു
മേട്ടുപ്പാളയം ∙ ഊട്ടി– മേട്ടുപ്പാളയം പൈതൃക ട്രെയിൻ സർവീസ് പുനരാരംഭിച്ചു.
ടെക്നോളജി എക്സ്പോ
തിരുവില്വാമല ∙ നെഹ്റു ഗ്രൂപ്പിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന സയൻസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി എക്സ്പോ ഇന്നും നാളെയുമായി പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ്, ലക്കിടി ജവാഹർ ലാൽ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായി നടക്കും. പാമ്പാടി നെഹ്റു കോളജിൽ ഇന്നു രാവിലെ 9.30നു ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും.
ഗതാഗതം തടസ്സപ്പെടും
വെണ്ടോർ ∙ കനാൽ കൾവർട്ട് നിർമാണം നടക്കുന്നതിനാൽ ഗ്രൗണ്ട് സെന്റ് ജോർജ് കപ്പേള റോഡിലൂടെയുള്ള ഗതാഗതം ഇന്നുമുതൽ തടസ്സപ്പെടും.
വൈദ്യുതി മുടക്കം
തിരുവില്വാമല ∙ അരക്കമല, വരണംപാടം, കൂട്ടുപാത, തവയ്ക്കൽപടി മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചേലക്കര ∙ പൂവത്താണി മേഖലയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പഴയന്നൂർ ∙ കോടത്തൂർ, വ്യവസായ പാർക്ക്, പെരുമ്പാലപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.