എംഎൽഎയെ വെല്ലുവിളിച്ച് സുരേഷ് ഗോപി; മേൽപാലത്തിന് റെയിൽവേയുടെ സഹായമില്ലെന്നു നിയമസഭയിൽ പറയാമോ?

Mail This Article
ഗുരുവായൂർ ∙ തെരുവു യോഗത്തിൽ സഖാക്കളുടെ മുൻപിൽ നുണ പറഞ്ഞോളൂ, നിയമസഭയുടെ രേഖയിൽ വരുന്ന വിധം മേൽപാലത്തിന് റെയിൽവേ പണം നൽകുന്നില്ലെന്നു പറയാൻ ഗുരുവായൂർ എംഎൽഎയ്ക്ക് ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. അതല്ലെങ്കിൽ മേൽപാലം നിർമിച്ചതിന് റെയിൽവേയുടെ പണം വേണ്ടെന്ന് എംഎൽഎയുടെ നേതാവായ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് പറഞ്ഞാലും മതി. ഗുരുവായൂരിൽ കോഫി ടൈം വിത് എസ്ജി എന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അടുത്ത ദിവസം തുറുന്നു കൊടുത്ത റെയിൽവേ മേൽപാലത്തിന്റെ നിർമാണ ചെലവിന്റെ പകുതി തുക റെയിൽവേ കിഫ്ബിക്ക് നൽകും. ഓഡിറ്റ് ചെയ്ത കൃത്യമായ കണക്കു കൊടുക്കേണ്ടി വരുമെന്നു മാത്രം. സംസ്ഥാന സർക്കാരാണ് മേൽപാലത്തിന്റെ നിർമാണ ചെലവ് വഹിക്കുന്നത് എന്ന നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ എന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്തവർ വികസനത്തിനായി ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടു വച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, അനിൽ മഞ്ചറമ്പത്ത്, ജസ്റ്റിൻ ജേക്കബ്, കെ.ആർ.അനീഷ്, ടി.വി.വാസുദേവൻ, സുഭാഷ് മണ്ണാരത്ത് പ്രബീഷ് തിരുവെങ്കിടം തുടങ്ങിയവർ പങ്കെടുത്തു.
പൈപ്പ് നന്നാക്കാൻ 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി
ചാവക്കാട്∙ സുരേഷ് ഗോപിയുടെ എസ്ജി കോഫി ടൈംസ് പരിപാടിയിൽ പൈപ്പ് പൊട്ടിയത് നന്നാക്കാൻ 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് നടൻ സുരേഷ് ഗോപി. അഞ്ച് ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിപ്പെട്ടപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഉണ്ടായത്. കടപ്പുറം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമമാണ് പ്രധാന പ്രശ്നമെന്നാണ് പല പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, കെ.ആർ.അനീഷ്, കെ.ആർ.ബൈജു, പ്രതീഷ് അയിനിപ്പുള്ളി, ബോഷി ചാണാശ്ശേരി, ഗണേഷ് ശിവജി, സുനിൽ കാരയിൽ, ഷീജ രാധാകൃഷ്ണൻ, അൻമോൽ മോത്തി, സുമേഷ് തേർളി എന്നിവർ പ്രസംഗിച്ചു.