കെ.രാഘവന് തിരുമുല്പാടിന് സ്മാരകമായി ആയുഷ് ആശുപത്രി

Mail This Article
ചാലക്കുടി ∙ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച ആയുർവേദ ആചാര്യൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപാടിന്റെ ഓർമയ്ക്കായി നിർമിക്കുന്ന ആയുഷ് ആശുപത്രി 2 മാസത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. 2010ലാണു തിരുമുൽപാട് അന്തരിച്ചത്. കേന്ദ്ര സർക്കാർ അനുവദിച്ച 11 കോടി രൂപ ഉപയോഗിച്ച് 3 നിലകളിലായി ആശുപത്രി കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പ്രവർത്തനത്തിനു ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കൽ, നിയമനം എന്നിവ അടക്കമുള്ളവ നടക്കേണ്ടതുണ്ടെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിനു നഗരസഭ കൈമാറിയ 60 സെന്റ് സ്ഥലത്താണ് ആശുപത്രി. ആയുർവേദ നേത്ര ചികിത്സയ്ക്ക് 30 കിടക്കകളും ജനറൽ വിഭാഗത്തിനു 10 കിടക്കകളും യോഗ, പ്രകൃതി ചികിത്സാ വിഭാഗത്തിനു 10 കിടക്കകളും ഉണ്ടായിരിക്കും. 10 സെന്റ് ഭൂമി കൂടി അനുവദിക്കാനും ഇതിനോടു ചേർന്ന തോടിന്റെ വശം കെട്ടി സംരക്ഷിക്കാനും നഗരസഭ കൗൺസിൽ തീരുമാനിച്ചെങ്കിലും നടപടിക്രമം പൂര്‍ത്തിയാക്കി ഭൂമി കൈമാറ്റം നടത്തിയിട്ടില്ല. 2020 നവംബറിലായിരുന്നു ശിലാസ്ഥാപനം. ദേശീയപാതയിൽ നിന്നു നേരിട്ട് പ്രവേശനമൊരുക്കാനും ആരംഭിച്ചു. ചുറ്റുമതിൽ അടക്കമുള്ള അവസാന ഘട്ട നിർമാണ ജോലികളാണ് ശേഷിക്കുന്നത്.