വ്യാപാരികളെ കബളിപ്പിച്ച് പണംതട്ടൽ: പ്രതി പിടിയിൽ

Mail This Article
മണ്ണുത്തി ∙ വ്യാപാരികളെ കബളിപ്പിച്ച് പണംതട്ടിയെടുത്ത സംഭവത്തിൽ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷമീമിനെ (ഷാനു–35) മഹാരാഷ്ട്രയിൽ നിന്നു പിടികൂടി. ചെറുകിട വ്യാപാരി എന്ന വ്യാജേന മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് പച്ചക്കറികൾ ഫോണിലൂടെ ഓർഡർ ചെയ്ത്, ചെറുകിട വിൽപന കേന്ദ്രങ്ങളിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ചെറുകിട വ്യാപാരികളിൽ നിന്നു ഡിജിറ്റൽ പേയ്മെന്റ് വഴി പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി.
ഇത്തരത്തിൽ മണ്ണുത്തിയിലെ വിൽപന കേന്ദ്രത്തിൽ നിന്ന് കിഴക്കുംപാട്ടുകരയിലെ കടകളിലേക്കെത്തിച്ച പച്ചക്കറിക്ക് 68,718 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മണ്ണുത്തി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് പിടിയിലായത്. ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്തതിന് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. എസ്എച്ച് എസ്.ഷുക്കൂർ, എസ്ഐ കെ.എസ്.ജയൻ, എഎസ്ഐ കെ.പി.സതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എൻ.നീരജ് മോൻ, പി.പി.അജിത്ത്, സൈബർ സെൽ സിപിഒമാരായ ശരത്, സുഹൈൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.