ADVERTISEMENT

ഗുരുവായൂർ ∙ അഷ്ടമി വിളക്കിന് നെയ്‌വിളക്കുകൾ തെളിഞ്ഞു. കൊമ്പൻ ഇന്ദ്രസെന്റെ മുകളിൽ കണ്ണൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. ഇനി ഏകാദശി വരെ സ്വർണക്കോലം  എഴുന്നള്ളിക്കും. സ്വർണപ്പൂക്കളും മരതകപ്പച്ചയും വീരശൃംഖലയും പതിച്ച കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഏകാദശിക്ക് ഉത്സവത്തിനും അഷ്ടമി രോഹിണിക്കും മാത്രമാണ് എഴുന്നള്ളിക്കുന്നത്. പുളിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ വഴിപാടായിരുന്നു അഷ്ടമി വിളക്ക്. 

ഇന്ന് കൊളാടി കുടുംബം വക നവമി നെയ്‌വിളക്കാണ്. ഉച്ചയ്ക്ക് നമസ്കാര സദ്യയും രാത്രി നെയ്‌വിളക്ക് എഴുന്നള്ളിപ്പും പ്രധാനമാണ്. കൊളാടി ഡോ. കെ.ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് വിളക്ക് ആഘോഷം. നാളെ ദശമി നെയ്‌വിളക്ക് ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയാണ്. കാലത്ത് കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ മേളം. ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം. സന്ധ്യയ്ക്ക് ഗുരുവായൂർ വിഷ്ണു പ്രസാദ് മാരാർ, ഗുരുവായൂർ വിഷ്ണു മാരാർ, ഗുരുവായൂർ കാർത്തിക് മാരാർ എന്നിവരുടെ തായമ്പക. രാത്രി വിളക്ക് എഴുന്നള്ളിപ്പ്. 

ആനകളുടെ ഘോഷയാത്ര നാളെ 
ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ദശമി ദിവസമായ നാളെ നടക്കും. രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയിൽ 15 ആനകൾ പങ്കെടുക്കും. കിഴക്കേനടയിലെ പുതിയ റെയിൽവേ മേൽപാലം വഴി ആനകൾ മഞ്ജുളാലിൽ എത്തും. ഗുരുവായൂർ ക്ഷേത്ര പ്രദക്ഷിണം ചെയ്ത് ഗജരാജ പ്രതിമയ്ക്ക് മുന്നിൽ സ്മരണാഞ്ജലി അർപ്പിക്കും.  1976 ഡിസംബർ 2ന് ഏകാദശി പുലരുന്ന സമയത്താണ് കേശവന്റെ വിയോഗം. പിന്നീട് കേശവൻ ചരിഞ്ഞ സ്ഥലത്ത് തന്നെ ഗജരാജ ശിൽപം നിർമിച്ചു. എല്ലാ വർഷവും അനുസ്മരണം  തുടങ്ങി.

പഞ്ചരത്ന കീർത്തനാലാപനം നാളെ 
ചെമ്പൈ സംഗീത വേദിയിൽ നാളെ രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനം നടക്കും. ത്യാഗരാജ ഭാഗവതരുടെ പ്രസിദ്ധങ്ങളായ 5 കീർത്തനങ്ങൾ നൂറോളം കലാകാരന്മാർ ഒരുമിച്ച്  ആലപിക്കും. ഒരു മണിക്കൂർ നേരത്തെ സംഗീതാർച്ചനയിൽ പങ്കെടുക്കാൻ സദസ്സിലും ഒട്ടേറെ കലാകാരന്മാർ ഉണ്ടാകും. 

ഏകാദശി:ഉദയാസ്തമയ പൂജയ്ക്ക് മാറ്റമില്ല
 ക്ഷേത്രത്തിൽ ഏകാദശി ദിവസം നടന്നുവരുന്ന ഉദയാസ്തമയ പൂജ ഇക്കുറിയും ഏകാദശി ദിവസം തന്നെ നടത്തും. ഭക്തജനത്തിരക്കു പരിഗണിച്ച് പൂജ ദ്വാദശി ദിവസത്തേക്ക് മാറ്റാൻ നിർദേശം ഉണ്ടായിരുന്നു. ഇതു ഭരണസമിതിയിൽ അജൻഡയായി വന്നെങ്കിലും പല തവണ മാറ്റിവച്ചു. ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ഓതിക്കന്മാർ മാറ്റത്തിന് എതിരായിരുന്നു. 

ജ്യോതിഷി കൂറ്റനാട് രാവുണ്ണി പണിക്കർ നടത്തിയ ഒറ്റ പ്രശ്നത്തിൽ ഉദയാസ്തമയ പൂജ മാറ്റുന്നതിന് വിരോധമില്ല എന്ന ദേവഹിതമാണ് കണ്ടത്. എന്നാൽ, ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിനെതിരെ എതിർപ്പ് ഉയർന്നു. ഇന്നലെ ദേവസ്വം ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് മാറ്റം വരുത്തും എന്നായിരുന്നു സൂചന. എന്നാൽ ഇക്കാര്യം ചർച്ചയ്ക്ക് എടുത്തില്ല. ദ്വാദശിദിനത്തിൽ ദർശന ക്രമത്തിൽ മാറ്റം വരുത്താൻ‍ തീരുമാനിച്ചു. 

ദശമി ദിവസം പുലർച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 9ന്  അടയ്ക്കുകയാണ് പതിവ്. പിന്നീട് അടുത്ത പുലർച്ചെ 3.30ന് മാത്രമേ തുറക്കാറുള്ളൂ. എന്നാൽ ഇക്കുറി ദ്വാദശി രാവിലെ 8ന് നടയടച്ചു ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷം രാവിലെ 9.30ന് തന്നെ തുറക്കും. ഭക്തർക്ക് ഭഗവതി അമ്പലം വഴി ചുറ്റമ്പലത്തിൽ കടന്ന് കൊടിമരത്തിനു സമീപം നിന്ന് ദർശനം നടത്താം. നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഉച്ചപൂജ കഴിയുന്നതു വരെ ഈ സൗകര്യം തുടരും.

ഗുരുവായൂരിൽ ഇന്ന്
ഗുരുവായൂർ ക്ഷേത്രം: കൊളാടി കുടുംബം വക നവമി നെയ്‌വിളക്ക്, വിളക്ക് എഴുന്നള്ളിപ്പ് 9.00,  ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം, മേളം ഗുരുവായൂർ ശശി മാരാർ 10.00. ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം : ചെമ്പൈ സംഗീതോത്സവം ആരംഭം രാവിലെ 6.00, ആകാശവാണി പ്രക്ഷേപണം രാവിലെ 9.30–12.30, രാത്രി 7.35–8.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT