മലക്കപ്പാറ റോഡ്: പണി പൂർത്തിയായില്ല, വലഞ്ഞ് യാത്രക്കാർ
Mail This Article
അതിരപ്പിളളി ∙ ചാലക്കുടി മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞ ഭാഗം പുനർനിർമിക്കുന്നതിനായി ജില്ലാഭരണകൂടം അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല. ഈ മാസം 6ന് തുടങ്ങിയ നിർമാണ ജോലികൾ 15 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് 21ന് ഗതാഗതം പുനഃസ്ഥാപിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ വാഹന ഗതാഗതം പുനരാരംഭിക്കണമെങ്കിൽ ഒരാഴ്ച കൂടി എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മഴയെ തുടർന്ന് അമ്പലപ്പാറയിൽ 10 മീറ്റർ ദൂരത്തിലാണ് മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. ഇതേ തുടർന്ന് ആനമല പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി അവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റു വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ മലക്കപ്പാറ മേഖലയിലെ തോട്ടം തൊഴിലാളികളും 5 ആദിവാസി ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. കൂടാതെ വാൽപ്പാറയിൽ കച്ചവടം നടത്തുന്ന തൃശൂർ,എറണാകുളം ജില്ലകളിൽ നിന്നുള്ളവർ കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചരിക്കുന്നത്.
റോഡ് അടച്ചിട്ട സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന റോഡിന്റെ നിർമാണവും ഈ കാലയളവിൽ ആരംഭിച്ചില്ല. ഡിസംബർ അവധിയിൽ വീണ്ടും റോഡ് അടച്ച് പണികൾ തുടങ്ങുമെന്ന ആശങ്കയിലാണ് ടൂറിസം മേഖലയിലെ കച്ചവടക്കാരും സഞ്ചാരികളും. ഒരുമാസത്തോളമായി തുടരുന്ന ഗതാഗത നിയന്ത്രണത്തെ തുടർന്ന് പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖല നിർജീവമാണ്.