നിര്‍മാണോദ്ഘാടനം കഴിഞ്ഞ് 3 വര്‍ഷം; ചാലക്കുടി ഐടിഐ മന്ദിരം: നിര്‍മാണ തടസ്സം നീങ്ങുന്നു
Mail This Article
ചാലക്കുടി ∙ ഒടുവിൽ തടസ്സങ്ങൾ നീങ്ങുന്നു. ഗവ. ഐടിഐക്കായി നിർമിക്കുമെന്നു പ്രഖ്യാപിച്ചു നിർമാണോദ്ഘാടനം നടത്തിയ ഹൈടെക് കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് 3 വർഷങ്ങൾക്കു ശേഷമാണ് പുതുക്കിയ അനുമതി ലഭ്യമാകുന്നത്. നിര്‍മാണം മുടങ്ങി കിടക്കുന്നതു നാട്ടിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണു പുതുക്കിയ അനുമതി ലഭിച്ചത്. തുക 11 കോടിയിലധികമായി വര്‍ധിപ്പിക്കുകയും ചെയ്തു.
ആദ്യം തയാറാക്കിയ ഡിസൈൻ പ്രകാരം കെട്ടിടം നിർമിക്കാൻ ഐടിഐയുടെ തൊട്ടടുത്ത പിഡബ്ല്യുഡി വക സ്ഥലം കൂടി വേണ്ടി വരുമെന്നായിരുന്നു സ്ഥിതി. ഡിസൈൻ തയാറാക്കിയതിലെ പിഴവു തിരുത്തി സ്വന്തം സ്ഥലത്തു നിർമിക്കാവുന്ന രീതിയിൽ റീ ഡിസൈൻ തയാറാക്കി. ഇതിലും ചെറിയ പിശകുകളുണ്ടെന്നു തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധർ കണ്ടെത്തിയതോടെ ഇതിലും മാറ്റം വരുത്തി. കെട്ടിടത്തിനു ചുറ്റും അഗ്നിസുരക്ഷാ വാഹനത്തിനു പോകാൻ സംവിധാനമില്ലാതിരുന്നതാണ് ആദ്യ പ്ലാൻ നിരസിക്കാൻ കാരണം. നിലവില്‍ ഐടിഐ വളപ്പില്‍ തന്നെ നിര്‍മിക്കാവുന്ന രീതിയിലാണ് പുതിയ ഡിസൈന്‍.
ഗവ. ഐടിഐ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 8.92 കോടി രൂപ ചെലവിലാണു കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. ഐടിഐയുടെ സ്ഥലപരിമിതിക്കു പരിഹാരമായി പൊതുമരാമത്ത് വകുപ്പിന്റെ മെക്കാനിക്കൽ വർക്‌ഷോപ്പ് വക സ്ഥലത്തു നിന്ന് 62 സെന്റ് ഏറ്റെടുക്കാനും തീരുമാനിച്ചു. നിർമാണത്തിനായി മരങ്ങൾ മുറിക്കുകയും മതിൽ കെട്ടുകയും ചെയ്തെങ്കിലും നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പോലും തുടങ്ങാനാന്‍ സാധിച്ചില്ല.
11.26 കോടി രൂപയുടെ പുതുക്കിയ അനുമതിയാണു ലഭിച്ചതെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ഇതോടൊപ്പം കട്ടപ്പന, ഏറ്റുമാനൂർ ഗവ. ഐടിഐ കെട്ടിടങ്ങൾക്കും അനുമതിയായിട്ടുണ്ടെങ്കിലും അവയുടെ തുക വർധിപ്പിച്ചിട്ടില്ല. നേരത്തെ പദ്ധതിയുടെ ടെണ്ടർ ആയെങ്കിലും ഇനി റീ ടെണ്ടർ നടപടികൾ വേണം. അതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു എംഎൽഎ അറിയിച്ചു.
2 നിലകളിലായി 27,000 ചതുരശ്ര അടി വിസ്തൃതിയിലാണു പുതിയ കെട്ടിടം നിർമിക്കുന്നത്. എസി മെക്കാനിക് വർക‌്ഷോപ്പ്, എംഎംവി വർക് ഷോപ്പ്, ഷീറ്റ് മെറ്റൽ വർക‌്ഷോപ്പ്, സർവേ ലാബ്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക് വർക‌്ഷോപ്പ് ഐടി ലാബ്, ലൈബ്രറി, പ്ലേസ്മെന്റ് സെൽ, ക്ലാസ് മുറികൾ, ഓഫിസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയാണിത്. പുതിയ കെട്ടിടത്തിലേക്കുള്ള ഫർണിച്ചറുകൾ, ഉപകരണങ്ങൾ, ഗേറ്റ്, സെക്യൂരിറ്റി കാബിൻ, ചുറ്റുമതിൽ എന്നിവയും 300 മീറ്റർ നീളത്തിൽ ക്യാംപസ് റോഡുകളും വാട്ടർ സപ്ലൈ, മാലിന്യ സംസ്കരണം, മഴവെള്ള സംഭരണ-ഡ്രയിനേജ് സൗകര്യങ്ങൾ, മിന്നൽ സംരക്ഷണ സംവിധാനം, മാർഗ നിർദേശ ബോർഡുകൾ, ലൈറ്റുകൾ എന്നിവയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നു.
പഴയ ക്യാംപസിലെ ക്ലാസ് മുറികളെ സ്മാർട്ട് ക്ലാസ് റൂമുകളാക്കാനും പദ്ധതിയുണ്ടായിരുന്നു. കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്സലൻസ് (കെഎഎസ്ഇ) ആണു പദ്ധതി രൂപകൽപന ചെയ്തത്. നിർമാണ പ്രവർത്തനങ്ങളുടെ ഭരണ, സാങ്കേതിക അനുമതികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ലഭിച്ചിരുന്നു.
നിർമാണോദ്ഘാടനം കഴിഞ്ഞു 3 വർഷം പിന്നിട്ട കാത്തിരിപ്പിനു വിരാമമാകുമെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും. കേരളത്തിൽ തന്നെ ആദ്യമായി ആരംഭിച്ച ചാലക്കുടി ഗവ. ഐടിഐയ്ക്ക് 69 വർഷത്തെ പഴക്കമുണ്ട്. 70-ാം പിറന്നാൾ ആഘോഷിക്കുമ്പോഴേക്കും നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ.