ചാലക്കുടിയിൽ ബയോ മൈനിങ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊക്കിയെടുക്കും

Mail This Article
ചാലക്കുടി ∙ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഭൂമി നികത്താനുൾപ്പെടെ മാലിന്യത്തോടൊപ്പം കുഴിച്ചിട്ട പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുക്കാനായി ബയോ മൈനിങ് ഉടൻ നടപ്പാക്കും. നോർത്ത് ജംക്‌ഷനിലെ നഗരസഭ ഇൻഡോർ സ്റ്റേഡിയം, പോട്ട മിനി മാർക്കറ്റ്, കോസ്മോസ് ക്ലബ്ബിനു സമീപത്തെ നഗരസഭയുടെ ഭൂമി എന്നിവിടങ്ങളിലാണു ബയോ മൈനിങ് നടത്തുക. വ്യക്തികളുടെ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം മണ്ണിനടിയിൽ ഉണ്ടെങ്കിൽ അവയും കുഴിച്ചെടുക്കും.
സ്വഛ് ഭാരത് അർബൻ 20-20 പദ്ധതിയുടെ ഭാഗമായി നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശം നൽകിയതനുസരിച്ച് നഗരസഭ ആരോഗ്യ വിഭാഗം കുറച്ചു നാൾ മുൻപ് പ്രോജക്ട് തയാറാക്കി. 65 ലക്ഷം രൂപയാണ് ചെലവ്.യന്ത്ര സഹായത്തോടെ മണ്ണിൽ നിന്നു കുഴിച്ചെടുക്കുന്ന പ്ലാസ്റ്റിക് വേർതിരിച്ചെടുക്കും. മറ്റു മാലിന്യവും തിരിച്ചിട്ടു ഭൂമി നികത്താനായി ഉപയോഗിക്കും. ആയിരക്കണക്കിനു ടൺ പ്ലാസ്റ്റിക് ആണു നീക്കേണ്ടി വരിക. കുഴിയാകുന്ന ഭാഗത്ത് ഇതിനു പകരമായി ലോഡ് കണക്കിനു മണ്ണ് എത്തിച്ചു സ്ഥലം നികത്തേണ്ടി വരും. ബയോ മൈനിങ്ങിനു സർക്കാർ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തും.
കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എയ്ഡ് പ്രോജക്ടിന്റെ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടത്തിപ്പ്. ശുചിത്വ പ്രോജക്ടിന്റെ പദ്ധതികൾ തയാറാക്കിയപ്പോഴാണു ബയോ മൈനിങ് ഉൾപ്പെടുത്തിയത്. ഇതു കൂടാതെ സ്വഛ് ഭാരത് അർബൻ 20-20 പദ്ധതിയിൽ ഉൾപ്പെടുത്തി സൗത്ത് ജംക്‌ഷനിൽ പൊതു ശുചിമുറികൾ നിർമാണം 37.5 ലക്ഷം, പോട്ടയിൽ പൊതു ശുചിമുറി നിർമാണം 15 ലക്ഷം, മാർക്കറ്റിൽ ശുചിമുറികൾ 21 ലക്ഷം ,സുരക്ഷ ഉപകരണങ്ങൾ വാങ്ങാൻ 10 ലക്ഷം എന്നിങ്ങനെയും തുക നീക്കി വച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സമ്പൂർണ ബയോ മൈനിങ് പദ്ധതി പൂർത്തിയാകുന്ന നഗരസഭയാകും ചാലക്കുടി. ദേശീയ ഹരിത ട്രിബ്യുണലിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായാകും പദ്ധതി പൂർത്തിയാക്കുക. പ്ലാസ്റ്റിക്കിനൊപ്പം റബര്‍ ഉള്‍പെടെ ജ്വലന സാധ്യതയുള്ള മറ്റെന്തെങ്കിലും മാലിന്യമുണ്ടെങ്കിൽ അവ കൂടി വേർതിരിച്ചെടുക്കും.
കൂടാതെ കല്ല്, മണ്ണ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ, തുണി, തടി, ചില്ല് എന്നിവയും നികത്തിയ പ്രദേശങ്ങളിൽ ഉണ്ടാകും. ഇതെല്ലാം അതാതിടങ്ങളില്‍ വേർതിരിക്കും. കുന്നുകൂടി കിടക്കുന്ന മാലിന്യം ഇളക്കുന്നതു രോഗകാരികളായ ബാക്ടീരിയകൾ പുറത്തേക്കു വ്യാപിക്കാൻ വഴിയൊരുക്കുമെന്നതിനാൽ ഇവയെഇല്ലാതാക്കാൻ പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം തളിച്ച ശേഷമാകും പ്ലാസ്റ്റിക് കുഴിച്ചെടുക്കുക. നേരത്തെ പാടശേഖരമായിരുന്ന നഗരസഭയിലെ മൂന്നു സ്ഥലങ്ങളും നികത്താൻ 5 അടിയിലേറെ ഉയരത്തിൽ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം തള്ളിയിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം.