വിദ്യാർഥികളെ മർദിച്ച് കവർച്ച: പ്രതികളെ പിടികൂടി
Mail This Article
ഇരിങ്ങാലക്കുട∙ കവർച്ചക്കേസ് പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി. ഷാഡോ പൊലീസ് ചമഞ്ഞ് 16ന് എറണാകുളത്ത് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മർദിച്ച് സ്വർണ മാലയും ഫോണുകളും കവർന്ന കേസിലെ പ്രതികളായ യുവതിയെയും 3 യുവാക്കളെയുമാണ് ഇരിങ്ങാലക്കുട ഡിവെഎസ്പി ഓഫിസിനു സമീപത്തു വച്ച് ഡിവൈഎസ്പി ടി.കെ.ഷൈജു, എസ്എച്ച്ഒ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ ജെയ്സൺ (39), എറണാകുളം പോണേക്കര സ്വദേശി കോട്ടുങ്ങൽ സെജിൻ (21), അരൂർ തൃച്ചാട്ടുകുളം സ്വദേശി ഉബൈസ് മൻസിൽ കെയ്സ് (35 ), രാജാക്കാട് ഉണ്ടമല സ്വദേശിനി പാലക്കൽ മനു (30) എന്നിവരാണ് പിടിയിലായത്. പൊലീസിനെ കണ്ടതോടെ കാർ തിരിച്ച് എതിർ ദിശയിലൂടെ കടന്നുകളയാൻ ശ്രമിച്ചെങ്കിലും ജീപ്പ് കുറുകെയിട്ടു കാർ തടഞ്ഞു പ്രതികളെ കീഴടക്കുകയായിരുന്നു.
പതിനഞ്ചു ദിവസത്തോളം പല സ്ഥലങ്ങളിലായി ഒളിച്ചുകഴിയുകയായിരുന്നു. എസ്ഐമാരായ എൻ.കെ.അനിൽകുമാർ, കെ.പി.ജോർജ്, എഎസ്ഐ സി.എ.ജോബ്, സീനിയർ സിപിഒമാരായ ഇ.എസ്.ജീവൻ, കെ.എസ്.ഉമേഷ്, ഷംനാദ്, വിപിൻ, എറണാകുളം സൗത്ത് എസ്ഐ മനോജ്, സിപിഒമാരായ സുമേഷ്കുമാർ, ജിബിൻ ലാൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.